Sunday, 20 May 2012

നബിയും ഉറുമ്പുകളും


    മുഹമ്മദ് നബിയും     കൂട്ടുകാരും ഒരു യാത്രയിലായിരുന്നു. വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഇടക്കവര്‍ ഒരിടത്തു തമ്പടിച്ചു. ചിലരെല്ലാം യാത്രാക്ഷീണം കൊണ്ട് തളര്‍ന്നുറങ്ങി. ചിലര്‍ വെറുതെ മലര്‍ന്നു കിടന്നു. ചിലര്‍ അവിടവിടെ കൂട്ടംകൂടിയിരുന്ന് കളിതമാശകള്‍ പറഞ്ഞു രസിച്ചു.

    പ്രവാചകന്‍ മാത്രം പരിസരം സുരക്ഷിതമാണോ, കാര്യങ്ങളൊക്കെ ഭദ്രമാണോ എന്നെല്ലാം നിരീക്ഷിച്ച്‌കൊണ്ട് ചുറ്റി നടക്കുകയായിരുന്നു അപ്പോള്‍…

    അധികം അകലേയല്ലാത്ത ഒരിടത്ത് തീ കത്തുന്നു. സഹയാത്രികരിലാരോ തണുപ്പ് സഹിക്കാഞ്ഞ് തീയിട്ട് കായുകയാണ്. പ്രവാചകന്‍ അയാളോടു ലോഹ്യം പറയാനായി അങ്ങോട്ട് നടന്നു.

    യാദൃച്ഛികമായി അദ്ദേഹത്തിന്റെ ശ്രദ്ധ ഒരിടത്ത് പതിഞ്ഞു. ഒരു മണ്‍പുറ്റ്. അതില്‍ നിറയെ ഉറമ്പുകളാണ്. പരിശ്രമശാലികളായ ഉറുമ്പുകള്‍ മണ്‍കൂനക്കു ചുറ്റും പല പല ജോലികളുമായി ഓടി നടക്കുന്നു. ഒരു പറ്റം ഉറുമ്പുകള്‍ ദൂരെ ഒരിടത്തുനിന്നു ജാഥയായി അങ്ങോട്ടു പോകുന്നുമുണ്ട്. ഉറുമ്പുകൂനക്കും അതിനോടടുത്തുകൊണ്ടിരിക്കുന്ന ജാഥക്കും നടുവിലായിട്ടാണ് തീ കത്തുന്നത്.


    ജാഥ തീയിനോടടുത്തുകൊണ്ടിരിക്കുന്നത് പ്രവാചകന്‍ കണ്ടു. അല്പസമയം കൂടി കഴിഞ്ഞാല്‍ അവയെല്ലാം തീയേറ്റു ചത്തു ചാമ്പലാവും.

    പ്രവാചകനു വളരെ സങ്കടം തോന്നി. നിസ്സാര ജീവികാളാണെങ്കിലും ദൈവത്തിന്റെ അരുമ സൃഷ്ടികളാണല്ലോ ആ ഉറുമ്പുകളും.

പെട്ടെന്ന്  അദ്ദേഹം ഉറക്കെ ചോദിച്ചു:

    “ആരാണവിടെ തീ കത്തിക്കുന്നത്?”

    ആ മനുഷ്യന്‍ പരിഭ്രമിച്ചെഴുന്നേറ്റു നോക്കിയപ്പോള്‍ മുമ്പില്‍ പ്രവാചകന്‍.

    “ഞാനാണ് തിരുദൂതരേ, എന്താണ് സംഗതി?”

    “സംഗതി എന്തുമാകട്ടെ, ആദ്യം തീ കെടുത്തുക. ഉം… വേഗം.”

    അയാള്‍ ഉടന്‍തന്നെ കല്പന അനുസരിച്ചു. കട്ടിയുള്ള ഒരു വലിയ പുതപ്പുകൊണ്ട് തീ തല്ലികെടുത്താന്‍ തുടങ്ങി. തീജ്വാലകള്‍ പത്തി താഴ്തി അപ്രത്യക്ഷമായി.

    പ്രവാചകന്‍ “ദൈവത്തിനു സ്തുതി” എന്ന് പറഞ്ഞ് പുഞ്ചിരിയോടെ നടന്നകന്നപ്പോള്‍ അനുയായി സംഗതി എന്തെന്നറിയാന്‍ ചുറ്റും നോക്കി. ഇതിനകം തീയിട്ട സ്ഥലത്തിനടുത്തെത്തി ചിതറിത്തുടങ്ങിയ ഉറുമ്പ് ജാഥ അയാള്‍ കണ്ടു.

    നിസ്സാര ജീവികളായ ഉറുമ്പുകളുടെ ജീവനുപോലും ഇത്രമാത്രം വിലകല്പിക്കുന്ന പ്രവാചകനെക്കുറിച്ചു അയാള്‍ക്ക് ഏറെ മതിപ്പുതോന്നി.

No comments:

Post a Comment