Monday, 21 May 2012

യാത്രാക്കാരനും ദാഹിച്ച നായയും


    മുഹമ്മദ് നബി അനുചരന്മാര്‍ക്ക് പറഞ്ഞുകൊടുത്ത കഥയാണ്.

    ഒരാള്‍ ഒരു യാത്ര പുറപ്പെട്ടു. ഭയങ്കര ചൂടുള്ള ദിവസമായിരുന്നു. സൂര്യന്‍ തലക്കു മുകളില്‍ കത്തിത്തിളങ്ങുന്നു. ഭൂമി കാല്ക്കീഴില്‍ ചുട്ടു പഴുക്കുന്നു.

    പൊള്ളുന്ന മരുഭൂമിയിലൂടെ കുറച്ചുദൂരം പോയപ്പോഴേക്കും അയാള്‍ക്കു തല വേദനിക്കാന്‍ തുടങ്ങി. ദേഹമെല്ലാം വിയര്‍ത്തു. തൊണ്ട വരണ്ടു.

    അയ്യോ!! എന്തൊരു ചൂട്, ഇത്തിരി വെള്ളം കിട്ടിയില്ലെങ്കില്‍ ഞാന്‍ ദാഹിച്ചു മരിച്ചുപോകും! അയാള്‍ സ്വയം പറഞ്ഞു. എന്നിട്ട് വെള്ളമനേ്വഷിക്കാന്‍ തുടങ്ങി.

    ആദ്യം കണ്ട കിണര്‍ അയാളുടെ തൊണ്ടപോലെത്തന്നെ വരണ്ടിരിക്കുന്നു. രണ്ടാമത്തേതും മൂന്നാമത്തേതും അങ്ങനെത്തന്നെ. നേരം ഉച്ചയോടടുക്കുകയാണ്. യാത്രക്കാരന്‍ തളര്‍ന്നു തുടങ്ങി.

    ഒടുവില്‍… ഭാഗ്യം! ഒരു കിണര്‍ കണ്ടു. അയാള്‍ ആര്‍ത്തിയോടെ ഓടിച്ചെന്ന് കുനിഞ്ഞുനോക്കി. അടിയില്‍ ഒരാള്‍ക്കു വെള്ളമുണ്ട്. ഹാവൂ! സമാധാനമായി!

    പക്ഷെ, വെള്ളം എങ്ങനെ കിട്ടും. കൈയില്‍ തൊട്ടിയും കയറുമൊന്നുമില്ല. അയാള്‍ കിണറ്റിനു ചുറ്റും നടന്നു നോക്കി. രക്ഷയില്ല!

    ഇനിയിപ്പോള്‍ ഒരൊറ്റവഴിയേ ഉള്ളൂ… കിണറ്റിലിറങ്ങുക. യാത്രക്കാരന്‍ ശ്രദ്ധയോടെ കിണറ്റിലിറങ്ങാന്‍ തുടങ്ങി. യാത്രാ ക്ഷീണം കാരണം കൈകാലുകള്‍ക്ക് തളര്‍ച്ചയുണ്ടായിരുന്നു. വള്ളിപ്പടര്‍പ്പുകളില്‍ പിടിച്ചു തൂങ്ങിക്കയറാന്‍ അതിനാല്‍ വളരെ പ്രയാസം. പക്ഷെ, താഴോട്ടിറങ്ങുംതോറും അയാള്‍ക്ക് സുഖകരമായ തണുപ്പനുഭവപ്പെട്ടു തുടങ്ങി. ഒടുവില്‍ ഒരുവിധം കിണറ്റിന്നടിയിലെത്തി.

    മുട്ടോളം വെള്ളത്തിലറങ്ങിനിന്ന് അയാള്‍ കുനിഞ്ഞു. കൈകള്‍ രണ്ടും വെള്ളത്തിലാഴ്ത്തി. വിരലുകള്‍ക്കിടയിലേക്ക് വെള്ളം തുള്ളിക്കയറിയപ്പോള്‍… ഹാ… എന്തു സുഖം! അയാള്‍ വീണ്ടും വീണ്ടും കൈകള്‍ വെള്ളത്തില്‍ മുക്കി ആ അനുഭൂതി നുകര്‍ന്നുകൊണ്ടിരുന്നു.

    പിന്നെ മതിയാവോളം വെള്ളം കുടിച്ചു. മുഖവും കഴുത്തുമെല്ലാം വെള്ളം കൊണ്ടു തുടച്ചു. പിന്നീട്, ഉയര്‍ത്തിപ്പിടിച്ചിരുന്ന തന്റെ ഉടുപ്പിന്റെ അടിവശം വെള്ളത്തില്‍ മുക്കി നനച്ചു. അവസാനം രണ്ടു കവിള്‍ വെള്ളം കൂടി കുടിച്ചപ്പോള്‍ ക്ഷീണമെല്ലാം വിട്ടകന്നതായി അയാള്‍ക്കു തോന്നി.

    “ജീവന്റെ ദ്രവരൂപമാകുന്നു വെള്ളം. അല്ലാഹുവാണ് നമുക്കതു നല്കുന്നത്. അവനു സ്തുതി” അയാള്‍ സ്വയം പറഞ്ഞു.
    ക്ഷീണമെല്ലാമകന്നപ്പോള്‍ അയാള്‍ കിണറ്റില്‍നിന്ന് കയറാന്‍ തുടങ്ങി.

    ഇപ്പോള്‍ ആദ്യത്തെ പ്രയാസമൊന്നും തോന്നിയില്ല.

    കിണറ്റിന്റെ തണുത്ത ഉള്ളറയില്‍നിന്നു ഭൂമിയുടെ ചുട്ടുപൊള്ളുന്ന ഉപരിതലത്തിലെത്തിയ അയാള്‍ പെട്ടെന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ഒരു നായ! കുരക്കുകയാണെന്നു പറഞ്ഞുകൂടാ; കരയുകയാണ്. നാവു പുറത്തേക്കിട്ട് തേങ്ങുകയും കിതക്കുകയുമാണ്.


    അത് അയാളുടെ അടുത്തെത്തി. പാവം! അതിനു വല്ലാത്ത ദാഹമുണ്ട്. അത് ദയനീയമായി അയാളെ നോക്കി. പിന്നെ ഭയത്തോടെ അടുത്തുകൊണ്ട് അയാളുടെ നീളന്‍ കുപ്പായത്തിന്റെ അടിവശത്തെ നനവില്‍ നക്കാന്‍ തുടങ്ങി.

    പാവം അതിനു കഠിനമായ ദാഹമുണ്ട്. ഒരു നാഴികമുമ്പ് താന്‍ എങ്ങനെയായിരുന്നോ അതേ അവസ്ഥയിലാണ് അതിപ്പോള്‍. ഇത്തിരി വെള്ളം കിട്ടിയില്ലെങ്കില്‍ ചത്തുപോവും. അയാള്‍ക്ക് നായയോട് വല്ലാത്ത അലിവു തോന്നി. അയാള്‍ അതിന്റെ ശിരസ്സില്‍ മൃദുവായി തലോടി. നായ വാലാട്ടി. അയാളുടെ കുപ്പായത്തിന്റെ വക്കില്‍നിന്ന് നക്കിയെടുത്ത നനവിന്റെ നന്ദി.

    “നില്ക്ക്, ഞാന്‍ നിനക്കു വെള്ളം തരാം” അയാള്‍ നായയോട് പറഞ്ഞിട്ട് കിണറ്റില്‍ വീണ്ടും പൊത്തിപ്പിടിച്ചിറങ്ങാന്‍ തുടങ്ങി. അടിയിലെത്തി, ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് തന്റെ രണ്ടു ഷൂസുമഴിച്ച് വെള്ളം നിറച്ചു.

    ഇതുംകൊണ്ട് എങ്ങനെ കയറും? അധികം ആലോചിക്കേണ്ടിവന്നില്ല. ഷൂസ് രണ്ടും പല്ലുകൊണ്ട് കടിച്ചുപിടിച്ചു. കുറച്ചു കയറിയപ്പോഴേക്കും വലിയ പ്രയാസം തോന്നി. വായില്‍ തൂങ്ങുന്ന ഭാരവുമായി മുകളിലോട്ട് കയറാന്‍ സാധിക്കുന്നില്ല. പല്ലുകള്‍ വല്ലാതെ വേദനിക്കുകയും ചെയ്യുന്നു!

    എന്തിനു പറയുന്നു- ഒരുവിധം അയാള്‍ കരപറ്റി. നായയുടെ മുമ്പില്‍ മുട്ടുകുത്തിയിരുന്ന് അതിനു സൗകര്യപൂര്‍വം കുടിക്കാന്‍ പറ്റും വിധം ഷൂസ് ചെരിച്ചി പിടിച്ചുകൊടുത്തു. വെള്ളം കുടിക്കുമ്പോഴെല്ലാം നായയുടെ വാല്‍ ആടിക്കൊണ്ടേയിരുന്നു. അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞു. നായ ഇപ്പോള്‍ സംതൃപ്തനാണ്. അതിന്റെ ദാഹം തീര്‍ന്നിരിക്കുന്നു.

    ഒരു നായയോട് ദയാപൂര്‍വം പെരുമാറിയ ഈ മനുഷ്യന്റെ പ്രവൃത്തിയില്‍ അല്ലാഹു സന്തുഷ്ടനായി. അയാള്‍ മുമ്പു ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെട്ടു… പ്രവാചകന്‍ കഥ പറഞ്ഞു നിര്‍ത്തി.

    “അല്ല ദൈവദൂതരെ, ജീവികളോടു കരുണ കാണിച്ചാല്‍ ഞങ്ങളുടെ പാപങ്ങളും പൊറുക്കപ്പെടുമോ?” ഒരനുചരന്‍ ചോദിച്ചു.
    തീര്‍ച്ചയായും- പ്രവാചകന്‍ പറഞ്ഞു: ജീവജാലങ്ങളോടു കരുണ കാണിച്ചാല്‍ നമുക്കതിനു ദൈവം പ്രതിഫലം തരും.

-വി.എസ്.സലിം-

No comments:

Post a Comment