Tuesday, 22 May 2012

ഒരു പെണ്ണും പാവം പൂച്ചയും

    പണ്ടൊരു പെണ്ണ് ഒരു പൂച്ചയെ വളര്‍ത്തിയിരുന്നു. വളരെ ക്രൂരമായിട്ടാണ് അവളതിനോട് പെരുമാറിയിരുന്നത്.



    ഒരു നാള്‍ മുഹമ്മദ് നബി ആ ദുഷ്ടയുടെ കഥ അനുചരന്മാര്‍ക്ക് പറഞ്ഞുകൊടുത്തു. അവളാ പൂച്ചയെ നിര്‍ദയം ദ്രോഹിച്ചിരുന്നു. ആഹാരംപോലും ശരിക്കു കൊടുത്തിരുന്നില്ല.

    പ്രവാചകന്‍ തുടര്‍ന്നു;

    ഇതുകാരണം ആ പൂച്ച മെലിഞ്ഞു മെലിഞ്ഞുവന്നു. അതിന്റെ രോമമെല്ലാം കൊഴിഞ്ഞുതുടങ്ങി. പൂച്ചയുടെ ഉടമസ്ഥ ഒരു മുന്‍കോപിയുമായിരുന്നു. ശുണ്ഠി വരുമ്പോഴെല്ലാം അവള്‍ ആ പൂച്ചയെ ഉമ്മറത്തേക്ക് തൂക്കിയെറിയും. കൊടും തണുപ്പുള്ള രാത്രികളില്‍, പാവം പൂച്ച, പലപ്പോഴും തെരുവില്‍ നട്ടം തിരിയേണ്ടിവന്നു!

    ക്രമേണ പൂച്ച യജമാനത്തിയെ കണ്ടാല്‍ പേടിച്ചു വിറക്കാന്‍ തുടങ്ങി. അവളുടെ നിഴല്‍ കണ്ടാല്‍ മതി, സാധു ഭയന്ന് നിലവിളിച്ചു വല്ല മേശക്കടിയിലും പോയൊളിക്കും.

    ഈ പെണ്ണിന്റെ അയല്‍വാസികള്‍ക്കൊന്നും ഈ പ്രവൃത്തി തീരേ ഇഷ്ടമല്ലായിരുന്നു. ഒരു ദിവസം ഒരയല്‍ക്കാരന്‍ അവളെ കാണാന്‍ ചെന്നു:

    “നിങ്ങളാ പൂച്ചയോട് കടും കൈയാണ് ചെയ്യുന്നത്” അയാള്‍ പറഞ്ഞു: “നമ്മളെപ്പോലെത്തന്നെ ദൈവത്തിന്റെ ഒരു സൃഷ്ടിയല്ലേ അതും?”

    “നിങ്ങളിവിടന്നു പോകുന്നുണ്ടോ മനുഷ്യാ? ഉപദേശിക്കാന്‍ വന്നിരിക്കുന്നു. എന്റെ പൂച്ചയോട് ഞാന്‍ തോന്നിയപോലെ പെരുമാറും. അതിനു നിങ്ങള്‍ക്കെന്തു ചേതം?”

    അയല്‍ക്കാരനു വളരെ ദു:ഖം തോന്നി. അയാള്‍ ആ ദുഷ്ടയില്‍നിന്ന് പൂച്ചയെ രക്ഷിക്കാനുള്ള വഴിയെന്തെന്നു ചിന്തിച്ചു. വീട്ടില്‍ തിരിച്ചെത്തിയശേഷം രാത്രിയാവാന്‍ കാത്തിരുന്നു.

    സന്ധ്യ കഴിഞ്ഞപ്പോള്‍ പതിവുപോലെ ആ സ്ത്രീ പൂച്ചയോട് പറയുന്നതു കേട്ടു.

    “പോ അസത്തേ, പുറത്ത്, വൃത്തികെട്ട ജന്തു” അവള്‍ അട്ടഹസിച്ചു. “ഇന്നു ഞാന്‍ നിന്നെ ഈ വീട്ടില്‍നിന്ന് പുറത്താക്കും”

    തുടര്‍ന്നവള്‍ ഉമ്മറവാതില്‍ തുറക്കുന്ന ശബ്ദവും അയല്‍വാസി കേട്ടു. പിന്നെ, ദീനമായ ഒരു നിലവിളിയോടെ മുറ്റത്തുവീണ പൂച്ച നിരത്തിലൂടെ ഓടുന്നതാണ് കണ്ടത്. വാതില്‍ ശക്തിയായി വലിച്ചടക്കുന്ന ഒച്ചയും.

    ആ പെണ്ണ് ഇനിയും വാതില്‍ തുറന്ന് പുറത്തുവരുമോ എന്നറിയാന്‍ അയല്‍വാസി കുറച്ചു കാത്തു. എന്നിട്ടു വേഗം തെരുവിലേക്കിറങ്ങി. പൂച്ച അപ്പോഴേക്കും യജമാനത്തിയുടെ വീട്ടുപടിക്കല്‍തന്നെ തിരിച്ചെത്തിയിരുന്നു. തനിക്കുവേണ്ടി ഇനിയും വാതില്‍ തുറന്നേക്കുമെന്ന് വെറുതേ പ്രതീക്ഷിച്ച് ആ പാവം കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു.

    യജമാനത്തിയുടെ വീട്ടുവാതില്‍ക്കല്‍ കണ്ണുനട്ട്, ദയനീയമായി കരഞ്ഞുകൊണ്ടുള്ള ആ ഇരിപ്പു കണ്ട് നല്ലവനായ അയല്‍വാസിയുടെ കരളലിഞ്ഞുപോയി. അയാള്‍ ഓടിച്ചെന്ന് വാരിയെടുത്തു. ഹോ! നീ വല്ലാതെ ക്ഷീണിച്ചുപോയല്ലോടാ മോനേ, എന്നു പറഞ്ഞു വാല്‍സല്യപൂര്‍വം അതിനെ തലോടിക്കൊണ്ടിരുന്നു. സ്‌നേഹത്തിന്റെ സ്പര്‍ശമേറ്റപ്പോള്‍ തന്നെ പൂച്ച കരച്ചില്‍ നിര്‍ത്തി.

    “വാ, നമുക്ക് എന്റെ വീട്ടിലേക്ക് പോകാം. നിനക്കു ഞാന്‍ വയറു നിറച്ചു ആഹാരം തരാം” എന്നു പറഞ്ഞ് അയാള്‍ പൂച്ചയുമായി തിരിച്ചു നടന്നു.

    വീട്ടിലെത്തി ഒരു പാത്രത്തില്‍ ഭക്ഷണമെടുത്ത് പൂച്ചയുടെ മുമ്പിലേക്കു നീക്കി വെച്ചു. വളരെ ആര്‍ത്തിയോടെ അത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. പാത്രം കാലിയായപ്പോള്‍ അയാള്‍ വീണ്ടും വിളമ്പിക്കൊടുത്തു. പാവം അതും കഴിച്ചു. ആ മനുഷ്യന്‍ പിന്നെയും പിന്നെയും പൂച്ചയ്ക്ക് ആഹാരം കൊടുത്തു.

    അവസാനം വിശപ്പടങ്ങിയ ആ പൂച്ച അവിടെ വീട്ടില്‍തന്നെ സുഖമായി കിടന്നുറങ്ങി.

    പിറ്റേന്നു രാവിലെ ഉമ്മറത്ത് പൂച്ചയെ കാണാഞ്ഞ് ആ മൂദേവിക്ക് കലിവന്നു. അവളതിനെ എല്ലായിടത്തും തിരഞ്ഞു. തെരുവിലും ചന്തയിലുമെല്ലാം അനേ്വഷിച്ചു. എവിടെ കണ്ടെത്താന്‍? അവള്‍ക്കു ശുണ്ഠി മൂത്തു.

    പൂച്ചയെ ആരോ കട്ടുകൊണ്ടുപോയിട്ടുണ്ട്. അവള്‍ സ്വയം പറഞ്ഞു. പിന്നീടാണ് തലേദിവസം തന്നെ ഉപദേശിക്കാന്‍ വന്ന അയല്‍ക്കാരനെക്കുറിച്ചോര്‍ത്തത്. ആ പഹയന്‍ തന്നെയായിരിക്കണം.

    അവള്‍ വേഗം അയല്‍ വീട്ടിലേക്കോടി.

    അയല്‍ക്കാരന്‍ വാതില്‍ തുറന്നു.

    “എനിക്കറിയാം- നിങ്ങള്‍ത്തന്നെയാണ് എന്റെ പൂച്ചയെ കട്ടത്. കരിങ്കള്ളന്‍! എനിക്കിപ്പോള്‍ത്തന്നെ എന്റെ പൂച്ചയെ കിട്ടണം.” അവള്‍ ഒരു മര്യാദയുമില്ലാതെ പറഞ്ഞു.

    “ഇല്ല. നിങ്ങള്‍ ക്രൂരയാണ്. ഒരു പൂച്ചയെ വളര്‍ത്താന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല.” അയാള്‍ പറഞ്ഞു.

    “അതു പറയാന്‍ നിങ്ങളാരാ, മര്യാദക്ക് എന്റെ പൂച്ചയെ തരുന്നതാണ് നല്ലത്.”

    അവള്‍ കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.

    “മേലില്‍ പൂച്ചയെ നന്നായി വളര്‍ത്തിക്കൊള്ളാമെന്ന് വാക്കു തരാമെങ്കില്‍ ഞാനിതിനെ നിങ്ങള്‍ക്കു തിരിച്ചുതരാം” ഒടുവില്‍ അയാള്‍ പറഞ്ഞു.


    ഗത്യന്തരമില്ലാതെ അവള്‍ക്കതു സമ്മതിക്കേണ്ടിവന്നു.

    “വാക്കാണല്ലോ?” അയല്‍വാസി ചോദിച്ചു.

    “അതെ, വാക്ക്” അവള്‍ തല കുനിച്ചു.

    “നന്നായി ഭക്ഷണം കൊടുക്കണം. ശുണ്ഠി വരുമ്പോള്‍ പൂച്ചയോട് തീര്‍ക്കരുത്. രാത്രി പുറത്തേക്ക് വലിച്ചെറിയരുത്. എല്ലാം ഓര്‍മയുണ്ടല്ലോ?”

    “തീര്‍ച്ചയായും” അവള്‍ ചിരിയഭിനയിച്ചുകൊണ്ട് പറഞ്ഞു. “ഇന്നു മുതല്‍ ഞാനിതിനെ നന്നായി വളര്‍ത്തിക്കൊള്ളാം.”

    ആ സ്ത്രീ വാക്കു പാലിച്ചോ? ഇല്ല; അശേഷം പാലിച്ചില്ല അവള്‍ക്കതിനുദ്ദേശവുമുണ്ടായിരുന്നില്ല. പൂച്ചയെ തിരിച്ചുകിട്ടാന്‍ അവളയല്‍വാസിയോട് മന:പൂര്‍വം കളവു പറയുകയായിരുന്നു.

    പൂച്ചയുമായി വീട്ടില്‍ തിരിച്ചെത്തിയ അവള്‍ അതിനോട് മുമ്പത്തെക്കാളും ക്രൂരമായി പെരുമാറി. കഴുത്തില്‍ തുടലിട്ട് അവളാ പാവത്തിനെ ഒരു കസേരക്കാലില്‍ കെട്ടിയിട്ടു. ഭക്ഷണം പോയിട്ട് പച്ചവെള്ളംപോലും കൊടുത്തില്ല.

    അനേക ദിവസം പട്ടിണികിടന്ന് കിടന്ന് ഒടുവില്‍ ആ സാധുമൃഗം ചത്തു.

    “ഹൊ! എന്തൊരു ക്രൂരത!!” പ്രവാചകന്റെ ഒരനുചരന്‍ അത്ഭുതം പ്രകടിപ്പിച്ചു.

    “ഒരു പെണ്ണിന് ഇത്രക്ക് ദുഷ്ടയാവാന്‍ കഴിയുമോ?” മറ്റൊരാള്‍.

    “അതെ.” പ്രവാചകന്‍ പറഞ്ഞു. “ഈ ചെയ്തിമൂലം അവള്‍ ദൈവകോപം സമ്പാദിച്ചുവെച്ചു.”

    പണ്ട്, ദാഹിച്ചുവലിഞ്ഞ ഒരു നായയോടലിവു കാട്ടിയതിനാല്‍, ഒരാള്‍ക്കു പാപമോചനം കിട്ടിയ കഥ പറഞ്ഞില്ലേ? അതുപോലെ, ഒരു സാധുജീവിയോടു ക്രൂരത കാട്ടിയതിനാല്‍, ഇവളെ  അല്ലാഹു നരകത്തിലേക്കയക്കുകയും ചെയ്തു.

-വി.എസ്.സലിം-

1 comment:

  1. Casino Site - Lucky Club
    Welcome to Lucky Club. Our official website for online gambling, poker, bingo and live dealer gaming! Join today to luckyclub.live receive a 100% deposit match up to $1000

    ReplyDelete