മുസ്‌ലിം കുട്ടികളോടു മാത്രമായിരുന്നോ പ്രവാചകന് സ്‌നേഹം? തീര്‍ച്ചയായും അല്ല. എല്ലാ കുട്ടികളോടും അദ്ദേഹത്തിനിഷ്ടമായിരുന്നു. അത് തെളിയിക്കുന്ന ഒരു സംഭവം പറയാം.
ഒരു നാള്‍ ചില ശിഷ്യന്മാര്‍ വന്ന്, “നബിയേ, യുദ്ധത്തില്‍ ചില കുട്ടികള്‍ കൊല്ലപ്പെട്ടു” എന്നറിയിച്ചു. നബിയന്ന് വളരെ ദു:ഖിതനായി കാണപ്പെട്ടു.
പ്രവാചകന്‍ വല്ലതെ വികാരധീനനായിരിക്കുന്നു എന്നുകണ്ട് ഒരാള്‍ പറഞ്ഞു; ദൈവദൂതരേ, എന്തിനീ ദു:ഖം? കൊല്ലപ്പെട്ടതൊന്നും നമ്മുടെ കുട്ടികളല്ല; എല്ലാം ശത്രുക്കളുടെ കുട്ടികള്‍”
നബിയുടെ ദു:ഖം തെല്ലൊന്നു കുറക്കാനാണ് ശിഷ്യന്‍ ഇതു പറഞ്ഞത്. പക്ഷെ, അതൊട്ടും ഫലിച്ചില്ല. അവിടന്ന് കൂടുതല്‍ സങ്കടപ്പെടുകയാണുണ്ടായത്. പ്രവാചകനെ സംബന്ധിച്ചിടത്തോളം എല്ലാ കുട്ടികളും ഒരുപോലെയാണ്. ആരുടെ കുട്ടികള്‍ എന്നതല്ല പ്രശ്‌നം. കുട്ടികള്‍ക്കു യാതൊരു പങ്കുമില്ലാത്ത, വലിയവര്‍ തമ്മിലുള്ള യുദ്ധത്തില്‍ ഒരു കുട്ടിയും വധിക്കപ്പെട്ടുകൂടാ എന്നാണദ്ദേഹത്തിന്റെ പക്ഷം.
“നോക്കൂ” പ്രവാചകന്‍ പറഞ്ഞു. “ആ കുട്ടികള്‍ തീര്‍ത്തും നിരപരാധികളായിരുന്നു. ഒരു തെറ്റും അവര്‍ ചെയ്തിട്ടില്ല. എന്നിട്ടും…”
നബി തുടര്‍ന്നു:
“ഒരു യുദ്ധത്തിലും കുട്ടികള്‍ കുറ്റക്കാരല്ല. വലിയവരുടെ തെറ്റിന് ഒരു കുട്ടിയും ശിക്ഷിക്കപ്പെടാനും പാടില്ല.”
മേലാല്‍ ഒരു യുദ്ധത്തിലും കുട്ടികളെ - അവര്‍ ആരുടെയായാലും- കൊല്ലാന്‍ പാടില്ലെന്ന് പ്രവാചകന്‍ യോദ്ധാക്കളെ കര്‍ശനമായി വിലക്കുകയും ചെയ്തു.
-വി.എസ്.സലിം-
No comments:
Post a Comment