Sunday, 27 May 2012

നബി കരഞ്ഞു

   
 മുഹമ്മദ് നബി പ്രബോധനമാരംഭിക്കുന്നതിനു മുമ്പ് അറബികള്‍ പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളെയാണ് സ്‌നേഹിച്ചിരുന്നത്.

    ആണ്‍കുട്ടികള്‍ ശക്തരാണ്. അവര്‍ കഠിനമായി പണിയെടുക്കും. മാതാപിതാക്കള്‍ക്കും കുടുംബത്തിനും നേട്ടങ്ങളുണ്ടാക്കും.

    പെണ്‍കുട്ടികളങ്ങനെയാണോ? അവര്‍ അബലകള്‍; പാവങ്ങള്‍! രക്ഷിതാക്കള്‍ക്കു തലവേദന; ഭൂമിക്കുതന്നെ ഭാരം- ഇതൊക്കെയായിരുന്നു അറബികളുടെ വിചാരം.

    എല്ലാ അറബികളും ഇമ്മട്ടിലായിരുന്നുവെന്നല്ല; ചിലരൊക്കെ അങ്ങനെയായിരുന്നു. ആണ്‍കുട്ടികള്‍ ജനിച്ചാല്‍ അവര്‍ക്ക് അതിരറ്റ ആഹ്ലാദം. പെണ്‍കുട്ടികളായാല്‍ അളവറ്റ രോഷം. ദുഷ്ടത മൂത്ത ചില പിതാക്കന്മാര്‍ പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടാനും മടിച്ചിരുന്നില്ല.

    അത്തരത്തില്‍ ഒരു പിതാവുണ്ട് നമ്മുടെ ഈ കഥയിലും. മുമ്പയാള്‍ ഒരു ബിംബാരാധകനായിരുന്നു. മുഹമ്മദ്‌നബി ദൈവസന്ദേശവുമായി വന്നപ്പോള്‍ പലരോടുമൊപ്പം അയാളും വിശ്വസിച്ചു. പക്ഷെ, അറിവില്ലാത്ത കാലത്ത് ചെയ്തുപോയ ഒരപരാധം അയാളെ എന്നെന്നും ദു;ഖിപ്പിച്ചു. അക്കഥ നബിയോടയാള്‍ പശ്ചാത്താപത്തോടെ ഏറ്റു പറഞ്ഞു.

    അയാള്‍ക്ക് ഒരു മകളുണ്ടായിരുന്നു. നല്ല ചന്തമുള്ള കുട്ടി. ഉപ്പയോട് അവള്‍ക്കെന്തിഷ്ടമായിരുന്നെന്നോ. ഉപ്പ വീട്ടിലെത്തിയാല്‍ അവളോടിച്ചെന്ന് അയാളുടെ കഴുത്തില്‍ തൂങ്ങി തെരുതെരാ ഉമ്മവെക്കും.

    പക്ഷെ, അയാള്‍ക്കവളോട് ഒട്ടും സ്‌നേഹമുണ്ടായിരുന്നില്ല. ഈ മകള്‍ തനിക്കു ഭാരമാണ്; അപമാനമാണ്. ഇവളെ എങ്ങനെയെങ്കിലും കൊന്നുകളയണം- ഇതായിരുന്നു പലപ്പോഴും അയാളുടെ ദുഷ്ടചിന്ത.

    ഒരു ദിവസം അയാള്‍ മകളെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി ഉപ്പയോടൊപ്പം അവള്‍ തുള്ളിച്ചാടി പുറത്തിറങ്ങി. പാവം, അതൊരുല്ലാസയാത്രയാണെന്നായിരുന്നു അവളുടെ വിചാരം.

    മകളെയും കൊണ്ടയാള്‍ ആ പൊട്ടക്കിണറ്റിനടുത്തെത്തി. അയാളിലെ പിശാചുണര്‍ന്നു. ദുഷ്ടന്‍ ആ കുഞ്ഞിനെ തൂക്കിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു.

    “ഉപ്പാ… ഉപ്പാ… എന്റെ ഉപ്പാ” സ്‌നേഹനിധിയായ ആ മകള്‍ അപ്പോഴും പിതാവിനെ വിളിച്ചുതന്നെയാണ് കരഞ്ഞുകൊണ്ടിരുന്നത്. കളങ്കമറിയാത്ത ആ കുഞ്ഞിന്റെ ദീനദീനമായ കരച്ചില്‍ അയാളുടെ കരളിലേക്കിറങ്ങിയില്ല. പാവം കുട്ടി, ആ പൊട്ടക്കിണറ്റില്‍ ഭക്ഷണമില്ലാതെ, വെള്ളം കുടിക്കാനില്ലാതെ, സഹായത്തിനാരുമില്ലാതെ, പട്ടിണിയും ഏകാന്തതയുമായി ദിവസങ്ങളോളം കിടന്ന് തേങ്ങിത്തേങ്ങി കരഞ്ഞു ഒടുവില്‍ മരിച്ചു.

    ഈ കഥ കേട്ട് പ്രവാചകന്റെ കരളലിഞ്ഞുപോയി. തിരുനേത്രങ്ങളില്‍നിന്ന് കണ്ണുനീര്‍ ധാരധാരയായി പ്രവഹിച്ചു. തിരുമുഖം ചുവന്നു തുടുത്തു. താടിരോമങ്ങളെല്ലാം കണ്ണീരില്‍ കുതിര്‍ന്നു.

    ഈ രംഗം കണ്ട ശിഷ്യന്‍മാരും കരഞ്ഞുപോയി. പ്രവാചകന്‍ ഇങ്ങനെ കരയുന്നത് മുമ്പാരും കണ്ടിട്ടില്ല. കത്തിത്തുടങ്ങും മുമ്പേ തിരിയണഞ്ഞുപോയ നിര്‍ഭാഗ്യവതികളുടെ കാര്യമോര്‍ത്താല്‍ ഹൃദയാലുവായ ആ പ്രവാചകന്‍ കരയാതിരിക്കുന്നതെങ്ങനെ?

Friday, 25 May 2012

യുദ്ധവും കുട്ടികളും


മുസ്‌ലിം കുട്ടികളോടു മാത്രമായിരുന്നോ പ്രവാചകന് സ്‌നേഹം? തീര്‍ച്ചയായും അല്ല. എല്ലാ കുട്ടികളോടും അദ്ദേഹത്തിനിഷ്ടമായിരുന്നു. അത് തെളിയിക്കുന്ന ഒരു സംഭവം പറയാം.

    ഒരു നാള്‍ ചില ശിഷ്യന്മാര്‍ വന്ന്, “നബിയേ, യുദ്ധത്തില്‍ ചില കുട്ടികള്‍ കൊല്ലപ്പെട്ടു” എന്നറിയിച്ചു. നബിയന്ന് വളരെ ദു:ഖിതനായി കാണപ്പെട്ടു.

    പ്രവാചകന്‍ വല്ലതെ വികാരധീനനായിരിക്കുന്നു എന്നുകണ്ട് ഒരാള്‍ പറഞ്ഞു; ദൈവദൂതരേ, എന്തിനീ ദു:ഖം? കൊല്ലപ്പെട്ടതൊന്നും നമ്മുടെ കുട്ടികളല്ല; എല്ലാം ശത്രുക്കളുടെ കുട്ടികള്‍”

    നബിയുടെ ദു:ഖം തെല്ലൊന്നു കുറക്കാനാണ് ശിഷ്യന്‍ ഇതു പറഞ്ഞത്. പക്ഷെ, അതൊട്ടും ഫലിച്ചില്ല. അവിടന്ന് കൂടുതല്‍ സങ്കടപ്പെടുകയാണുണ്ടായത്. പ്രവാചകനെ സംബന്ധിച്ചിടത്തോളം എല്ലാ കുട്ടികളും ഒരുപോലെയാണ്. ആരുടെ കുട്ടികള്‍ എന്നതല്ല പ്രശ്‌നം. കുട്ടികള്‍ക്കു യാതൊരു പങ്കുമില്ലാത്ത, വലിയവര്‍ തമ്മിലുള്ള യുദ്ധത്തില്‍ ഒരു കുട്ടിയും വധിക്കപ്പെട്ടുകൂടാ എന്നാണദ്ദേഹത്തിന്റെ പക്ഷം.

    “നോക്കൂ” പ്രവാചകന്‍ പറഞ്ഞു. “ആ കുട്ടികള്‍ തീര്‍ത്തും നിരപരാധികളായിരുന്നു. ഒരു തെറ്റും  അവര്‍ ചെയ്തിട്ടില്ല. എന്നിട്ടും…”

    നബി തുടര്‍ന്നു:

    “ഒരു യുദ്ധത്തിലും കുട്ടികള്‍ കുറ്റക്കാരല്ല. വലിയവരുടെ തെറ്റിന് ഒരു കുട്ടിയും ശിക്ഷിക്കപ്പെടാനും പാടില്ല.”

    മേലാല്‍ ഒരു യുദ്ധത്തിലും കുട്ടികളെ - അവര്‍ ആരുടെയായാലും- കൊല്ലാന്‍ പാടില്ലെന്ന് പ്രവാചകന്‍ യോദ്ധാക്കളെ കര്‍ശനമായി വിലക്കുകയും ചെയ്തു.


-വി.എസ്.സലിം-

Thursday, 24 May 2012

മരത്തില്‍ കല്ലെറിയുന്ന കുട്ടി




    മദീനയില്‍ അന്നൊരു കുട്ടിയുണ്ടായിരുന്നു. നല്ല  കുട്ടിയാണെങ്കിലും അവന്നൊരു ചീത്ത സ്വഭാവമുണ്ട്- കാണുന്ന മരത്തിനൊക്കെ കല്ലെറിയുന്ന സ്വഭാവം. അതു ചെയ്യാഞ്ഞാല്‍ വല്ലാത്ത പൊറുതികേടാണ്.

    ഒരു ദിവസം കുട്ടി നല്ല മുഴുത്ത കല്ലുകളുമായി ഒരു മരുപ്പച്ചയിലെത്തി. തണല്‍ വീണുകിടക്കുന്ന ആ മരുപ്പച്ചയിലെങ്ങും ഈത്തപ്പനകള്‍ കുലച്ചുനിന്നിരുന്നു. ഹായ് കുട്ടിയുടെ കൈ തരിച്ചു.

    അവന്‍ വേഗം പനക്കെറിയാന്‍ തുടങ്ങി. പഴങ്ങള്‍ കൊഴിഞ്ഞു. കുറെ കഴിഞ്ഞു ഏറു നിര്‍ത്തി അടുത്ത പരിപാടി ആരംഭിച്ചു- വീണ പഴങ്ങള്‍ പെറുക്കിത്തിന്നുക. വയറു നിറഞ്ഞപ്പോള്‍ അവനെണീറ്റുപോയി.

    കല്ലെറിഞ്ഞാല്‍ പനക്കു കേടുപറ്റുമെന്നോ, തോട്ടത്തിന്റെ ഉടമസ്ഥരറിഞ്ഞാല്‍ തന്നെ പിടികൂടുമെന്നോ ഒന്നും കുട്ടി ആലോചിച്ചിരുന്നില്ല.

    ഒരു നാള്‍ അതു സംഭവിച്ചു- തോട്ടത്തിന്റെ ഉടമസ്ഥര്‍ പാര്‍ത്തിരുന്ന് കുട്ടിയെ പിടിച്ചു. അവരവനെ മുഹമ്മദ് നബിയുടെ മുമ്പിലാണ് ഹാജരാക്കിയത്.

    വല്ലാത്ത പരിഭ്രമത്തോടെയാണ് കുട്ടി നബിയെ നേരിട്ടത്. അദ്ദേഹം കോപിക്കുമോ; തന്നെ ശകാരിക്കുമോ? അവന്‍ നിന്നുവിറച്ചു. പ്രവാചകനാകട്ടെ, വളരെ ശാന്തനായി, സൗമ്യനായി;
    “എന്തിനാണ് കുഞ്ഞേ നീ മരത്തില്‍ കല്ലെറിയുന്നത്?” എന്ന് വെറുതെ അറിയാന്‍ എന്ന മട്ടില്‍ ചോദിച്ചു.

    “ഈത്തപ്പഴം കിട്ടാനാ” എന്നിട്ടവന്റെ നിഷ്‌കളങ്കമായി ചോദ്യം; “കല്ലെറിയാതെ എങ്ങന്യാ ഈത്തപ്പഴം കിട്ടുക?”

    വിവേകമില്ലാത്തതുകൊണ്ടാണ് കുട്ടി ഈ തെറ്റു ചെയ്യുന്നതെന്ന് പ്രവാചകന്നുറപ്പായി. ആ കുട്ടി ഒരു ക്രൂരനല്ലെന്നും വകതിരിവില്ലാത്തവന്‍ മാത്രമണെന്നും നബിയറിഞ്ഞു. നയത്തില്‍ പറഞ്ഞു തിരുത്താവുന്നതേയുള്ളു.

    “മേലാല്‍ ഒരു മരത്തിനും കല്ലെറിയരുത് കേട്ടോ.” നബി അവനെ സ്‌നേഹപൂര്‍വം തലോടിക്കൊണ്ട് പറഞ്ഞു. “ എറിഞ്ഞാല്‍ മരത്തിനു പരിക്കുപറ്റും, പിന്നെ അതൊരിക്കലും പഴം തരില്ല, മനസ്സിലായോ? തിന്നാനാണെങ്കില്‍ താനേ കൊഴിയുന്നവ തന്നെയുണ്ടല്ലോ”

    നബി ആ കുട്ടിയെ നെറുകയില്‍ കൈവച്ചനുഗ്രഹിച്ചു. അവനുവേണ്ടി പ്രാര്‍ത്ഥിച്ച ശേഷമാണ് പറഞ്ഞയച്ചത്.

-വി.എസ്.സലിം-

Wednesday, 23 May 2012

ഉമ്മു ഖാലിദിന്നൊരുറുമാല്‍




    ഉമ്മു ഖാലിദിന്റെ ജീവിതത്തില്‍ അത് മറക്കാനാവാത്ത ദിവസമായിരുന്നു. അയാളുടെ പിതാവ് അവളെയുംകൊണ്ട് പ്രവാചകനെ കാണാന്‍ പോയ ദിവസം. പെരുന്നാളു വന്നപോലെ പുതുവസ്ത്രങ്ങളണിഞ്ഞാണ് അവള്‍ ഉപ്പയുടെ കൈപിടിച്ച് നടന്നത്.


    പ്രവാചകന് ആ കൊച്ചുമിടുക്കിയെ കണ്ടപ്പോഴേ വലിയ സന്തോഷമായി. അവളുടെ ചൊടിയും ചുണയും തിരുമേനിയെ ആകര്‍ഷിച്ചു.


    “ഉമ്മു ഖാലിദ് നല്ല മിടുക്കിയാണല്ലോ.” അവള്‍ കേള്‍ക്കെത്തന്നെ നബി പ്രശംസിച്ചു. അവള്‍ അഭിമാനംകൊണ്ട് വീര്‍ക്കാന്‍ ഇനിയെന്തുവേണം? ഉമ്മു ഖാലിദ് പ്രവാചകനോടൊട്ടിച്ചേര്‍ന്നിരുന്ന് ചിരിയും കളിയുമായി.


    ഉമ്മു ഖാലിദിന്റെ ഉപ്പക്ക് ഇതുകണ്ടിട്ട് സന്തോഷവും സങ്കടവും ഒപ്പമുണ്ടായി. നബിയും തന്റെ മോളും വേഗം ഇണങ്ങിയല്ലോ എന്നായിരുന്നു സന്തോഷം. അവളാ വലിയ മനുഷ്യന്റെ സമയം വെറുതേ മെനക്കെടുത്തുന്നല്ലോ എന്ന സങ്കടവും.


    “മതി മതി ഉമ്മു ഖാലിദ്, വരൂ, വീട്ടില്‍ പോകും” അയാള്‍ അക്ഷമ കാണിച്ചു. അതേ സമയം നബി പറഞ്ഞതോ;


    “സാരമില്ല. നിങ്ങള്‍ പോയ്‌ക്കോളൂ. അവള്‍ കുറേ നേരംകൂടി ഇവിടെ കളിക്കട്ടെ.”


    അന്നുച്ചതിരിഞ്ഞാണ് ഉമ്മു ഖാലിദ് വീട്ടിലേക്ക് മടങ്ങിയത്.


    നബി തന്റെ ജോലികളില്‍ മുഴുകി. ദിവസങ്ങള്‍ കടന്നുപോയി. അവിടന്നു ഉമ്മു ഖാലിദിനെ മറന്നോ?


    ഒരു ദിവസം ചില സുഹൃത്തുക്കള്‍ നബിക്കു കുറേ വസ്ത്രങ്ങള്‍ കാഴ്ചവെച്ചു. തിരുമേനി അവയോരോന്നും എടുത്തു നോക്കികൊണ്ടിരിക്കുകയാണ്. ഇടക്ക് ചിലതൊക്കെ ഓരോരുത്തര്‍ക്ക് കൊടുക്കുന്നുമുണ്ട്. കൂട്ടത്തിലതാ ഒരുറുമാല്‍! വിശേഷപ്പെട്ട പട്ടുറുമാല്‍.


    “ഈ ഉറുമാല്‍ ഞാന്‍ ആര്‍ക്കാ കൊടുക്കുക?” നബി പാതി തന്നോടും പാതി ചുറ്റുമിരിക്കുന്ന ശിഷ്യന്മാരോടുമെന്ന വണ്ണം തെല്ലുറക്കെ ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. എല്ലാവരുടെയും ഉള്ളില്‍ അതു കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. വിനയവും ലജ്ജയും കാരണം തുറന്നു പറയാന്‍ മടി. അലച്ച പാടില്ലെന്ന് ഗുരു എപ്പോഴും ഉപദേശിക്കാറുണ്ടല്ലോ.


    “ഉമ്മു ഖാലിദിനെ വിളിച്ചോണ്ടു വാ.” നബി തന്നെ അപ്പോഴേക്കും ഒരുത്തരം കണ്ടെത്തിയിരുന്നു. “ഉറുമാല്‍ അവള്‍ക്കു ചേരും.”


    അനുചരന്‍മാരിലൊരാള്‍ ഓടിച്ചെന്ന് ഉമ്മു ഖാലിദിനെ വിളിച്ചു. നബി വിളിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ആ കുട്ടിക്കുണ്ടായ ആനന്ദം!


    മനോഹരമായ ആ ഉറുമാല്‍ നബി കൊടുത്തപ്പോള്‍ അവള്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടുക തന്നെ ചെയ്തു.


    “നോക്കു, എന്ത് ഭംഗിയുള്ള പൂക്കള്‍ അല്ലേ ഉമ്മു ഖാലിദ്?” നബി ചോദിച്ചു. ഉറുമാലില്‍ പൂക്കളുടെ ചിത്രം തുന്നിപ്പിടിപ്പിച്ചിരുന്നു.


    ഈ ഉറുമാലിനെക്കാള്‍ വിലപിടിച്ച ഒന്നും ഈ ഭൂമിയിലില്ല എന്ന വിചാരത്തോടെ ഉമ്മു ഖാലിദ് ഗമയില്‍ വീട്ടിലേക്ക് നടന്നു.


-വി.എസ്.സലിം-

Tuesday, 22 May 2012

ഒരു പെണ്ണും പാവം പൂച്ചയും

    പണ്ടൊരു പെണ്ണ് ഒരു പൂച്ചയെ വളര്‍ത്തിയിരുന്നു. വളരെ ക്രൂരമായിട്ടാണ് അവളതിനോട് പെരുമാറിയിരുന്നത്.



    ഒരു നാള്‍ മുഹമ്മദ് നബി ആ ദുഷ്ടയുടെ കഥ അനുചരന്മാര്‍ക്ക് പറഞ്ഞുകൊടുത്തു. അവളാ പൂച്ചയെ നിര്‍ദയം ദ്രോഹിച്ചിരുന്നു. ആഹാരംപോലും ശരിക്കു കൊടുത്തിരുന്നില്ല.

    പ്രവാചകന്‍ തുടര്‍ന്നു;

    ഇതുകാരണം ആ പൂച്ച മെലിഞ്ഞു മെലിഞ്ഞുവന്നു. അതിന്റെ രോമമെല്ലാം കൊഴിഞ്ഞുതുടങ്ങി. പൂച്ചയുടെ ഉടമസ്ഥ ഒരു മുന്‍കോപിയുമായിരുന്നു. ശുണ്ഠി വരുമ്പോഴെല്ലാം അവള്‍ ആ പൂച്ചയെ ഉമ്മറത്തേക്ക് തൂക്കിയെറിയും. കൊടും തണുപ്പുള്ള രാത്രികളില്‍, പാവം പൂച്ച, പലപ്പോഴും തെരുവില്‍ നട്ടം തിരിയേണ്ടിവന്നു!

    ക്രമേണ പൂച്ച യജമാനത്തിയെ കണ്ടാല്‍ പേടിച്ചു വിറക്കാന്‍ തുടങ്ങി. അവളുടെ നിഴല്‍ കണ്ടാല്‍ മതി, സാധു ഭയന്ന് നിലവിളിച്ചു വല്ല മേശക്കടിയിലും പോയൊളിക്കും.

    ഈ പെണ്ണിന്റെ അയല്‍വാസികള്‍ക്കൊന്നും ഈ പ്രവൃത്തി തീരേ ഇഷ്ടമല്ലായിരുന്നു. ഒരു ദിവസം ഒരയല്‍ക്കാരന്‍ അവളെ കാണാന്‍ ചെന്നു:

    “നിങ്ങളാ പൂച്ചയോട് കടും കൈയാണ് ചെയ്യുന്നത്” അയാള്‍ പറഞ്ഞു: “നമ്മളെപ്പോലെത്തന്നെ ദൈവത്തിന്റെ ഒരു സൃഷ്ടിയല്ലേ അതും?”

    “നിങ്ങളിവിടന്നു പോകുന്നുണ്ടോ മനുഷ്യാ? ഉപദേശിക്കാന്‍ വന്നിരിക്കുന്നു. എന്റെ പൂച്ചയോട് ഞാന്‍ തോന്നിയപോലെ പെരുമാറും. അതിനു നിങ്ങള്‍ക്കെന്തു ചേതം?”

    അയല്‍ക്കാരനു വളരെ ദു:ഖം തോന്നി. അയാള്‍ ആ ദുഷ്ടയില്‍നിന്ന് പൂച്ചയെ രക്ഷിക്കാനുള്ള വഴിയെന്തെന്നു ചിന്തിച്ചു. വീട്ടില്‍ തിരിച്ചെത്തിയശേഷം രാത്രിയാവാന്‍ കാത്തിരുന്നു.

    സന്ധ്യ കഴിഞ്ഞപ്പോള്‍ പതിവുപോലെ ആ സ്ത്രീ പൂച്ചയോട് പറയുന്നതു കേട്ടു.

    “പോ അസത്തേ, പുറത്ത്, വൃത്തികെട്ട ജന്തു” അവള്‍ അട്ടഹസിച്ചു. “ഇന്നു ഞാന്‍ നിന്നെ ഈ വീട്ടില്‍നിന്ന് പുറത്താക്കും”

    തുടര്‍ന്നവള്‍ ഉമ്മറവാതില്‍ തുറക്കുന്ന ശബ്ദവും അയല്‍വാസി കേട്ടു. പിന്നെ, ദീനമായ ഒരു നിലവിളിയോടെ മുറ്റത്തുവീണ പൂച്ച നിരത്തിലൂടെ ഓടുന്നതാണ് കണ്ടത്. വാതില്‍ ശക്തിയായി വലിച്ചടക്കുന്ന ഒച്ചയും.

    ആ പെണ്ണ് ഇനിയും വാതില്‍ തുറന്ന് പുറത്തുവരുമോ എന്നറിയാന്‍ അയല്‍വാസി കുറച്ചു കാത്തു. എന്നിട്ടു വേഗം തെരുവിലേക്കിറങ്ങി. പൂച്ച അപ്പോഴേക്കും യജമാനത്തിയുടെ വീട്ടുപടിക്കല്‍തന്നെ തിരിച്ചെത്തിയിരുന്നു. തനിക്കുവേണ്ടി ഇനിയും വാതില്‍ തുറന്നേക്കുമെന്ന് വെറുതേ പ്രതീക്ഷിച്ച് ആ പാവം കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു.

    യജമാനത്തിയുടെ വീട്ടുവാതില്‍ക്കല്‍ കണ്ണുനട്ട്, ദയനീയമായി കരഞ്ഞുകൊണ്ടുള്ള ആ ഇരിപ്പു കണ്ട് നല്ലവനായ അയല്‍വാസിയുടെ കരളലിഞ്ഞുപോയി. അയാള്‍ ഓടിച്ചെന്ന് വാരിയെടുത്തു. ഹോ! നീ വല്ലാതെ ക്ഷീണിച്ചുപോയല്ലോടാ മോനേ, എന്നു പറഞ്ഞു വാല്‍സല്യപൂര്‍വം അതിനെ തലോടിക്കൊണ്ടിരുന്നു. സ്‌നേഹത്തിന്റെ സ്പര്‍ശമേറ്റപ്പോള്‍ തന്നെ പൂച്ച കരച്ചില്‍ നിര്‍ത്തി.

    “വാ, നമുക്ക് എന്റെ വീട്ടിലേക്ക് പോകാം. നിനക്കു ഞാന്‍ വയറു നിറച്ചു ആഹാരം തരാം” എന്നു പറഞ്ഞ് അയാള്‍ പൂച്ചയുമായി തിരിച്ചു നടന്നു.

    വീട്ടിലെത്തി ഒരു പാത്രത്തില്‍ ഭക്ഷണമെടുത്ത് പൂച്ചയുടെ മുമ്പിലേക്കു നീക്കി വെച്ചു. വളരെ ആര്‍ത്തിയോടെ അത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. പാത്രം കാലിയായപ്പോള്‍ അയാള്‍ വീണ്ടും വിളമ്പിക്കൊടുത്തു. പാവം അതും കഴിച്ചു. ആ മനുഷ്യന്‍ പിന്നെയും പിന്നെയും പൂച്ചയ്ക്ക് ആഹാരം കൊടുത്തു.

    അവസാനം വിശപ്പടങ്ങിയ ആ പൂച്ച അവിടെ വീട്ടില്‍തന്നെ സുഖമായി കിടന്നുറങ്ങി.

    പിറ്റേന്നു രാവിലെ ഉമ്മറത്ത് പൂച്ചയെ കാണാഞ്ഞ് ആ മൂദേവിക്ക് കലിവന്നു. അവളതിനെ എല്ലായിടത്തും തിരഞ്ഞു. തെരുവിലും ചന്തയിലുമെല്ലാം അനേ്വഷിച്ചു. എവിടെ കണ്ടെത്താന്‍? അവള്‍ക്കു ശുണ്ഠി മൂത്തു.

    പൂച്ചയെ ആരോ കട്ടുകൊണ്ടുപോയിട്ടുണ്ട്. അവള്‍ സ്വയം പറഞ്ഞു. പിന്നീടാണ് തലേദിവസം തന്നെ ഉപദേശിക്കാന്‍ വന്ന അയല്‍ക്കാരനെക്കുറിച്ചോര്‍ത്തത്. ആ പഹയന്‍ തന്നെയായിരിക്കണം.

    അവള്‍ വേഗം അയല്‍ വീട്ടിലേക്കോടി.

    അയല്‍ക്കാരന്‍ വാതില്‍ തുറന്നു.

    “എനിക്കറിയാം- നിങ്ങള്‍ത്തന്നെയാണ് എന്റെ പൂച്ചയെ കട്ടത്. കരിങ്കള്ളന്‍! എനിക്കിപ്പോള്‍ത്തന്നെ എന്റെ പൂച്ചയെ കിട്ടണം.” അവള്‍ ഒരു മര്യാദയുമില്ലാതെ പറഞ്ഞു.

    “ഇല്ല. നിങ്ങള്‍ ക്രൂരയാണ്. ഒരു പൂച്ചയെ വളര്‍ത്താന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല.” അയാള്‍ പറഞ്ഞു.

    “അതു പറയാന്‍ നിങ്ങളാരാ, മര്യാദക്ക് എന്റെ പൂച്ചയെ തരുന്നതാണ് നല്ലത്.”

    അവള്‍ കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.

    “മേലില്‍ പൂച്ചയെ നന്നായി വളര്‍ത്തിക്കൊള്ളാമെന്ന് വാക്കു തരാമെങ്കില്‍ ഞാനിതിനെ നിങ്ങള്‍ക്കു തിരിച്ചുതരാം” ഒടുവില്‍ അയാള്‍ പറഞ്ഞു.


    ഗത്യന്തരമില്ലാതെ അവള്‍ക്കതു സമ്മതിക്കേണ്ടിവന്നു.

    “വാക്കാണല്ലോ?” അയല്‍വാസി ചോദിച്ചു.

    “അതെ, വാക്ക്” അവള്‍ തല കുനിച്ചു.

    “നന്നായി ഭക്ഷണം കൊടുക്കണം. ശുണ്ഠി വരുമ്പോള്‍ പൂച്ചയോട് തീര്‍ക്കരുത്. രാത്രി പുറത്തേക്ക് വലിച്ചെറിയരുത്. എല്ലാം ഓര്‍മയുണ്ടല്ലോ?”

    “തീര്‍ച്ചയായും” അവള്‍ ചിരിയഭിനയിച്ചുകൊണ്ട് പറഞ്ഞു. “ഇന്നു മുതല്‍ ഞാനിതിനെ നന്നായി വളര്‍ത്തിക്കൊള്ളാം.”

    ആ സ്ത്രീ വാക്കു പാലിച്ചോ? ഇല്ല; അശേഷം പാലിച്ചില്ല അവള്‍ക്കതിനുദ്ദേശവുമുണ്ടായിരുന്നില്ല. പൂച്ചയെ തിരിച്ചുകിട്ടാന്‍ അവളയല്‍വാസിയോട് മന:പൂര്‍വം കളവു പറയുകയായിരുന്നു.

    പൂച്ചയുമായി വീട്ടില്‍ തിരിച്ചെത്തിയ അവള്‍ അതിനോട് മുമ്പത്തെക്കാളും ക്രൂരമായി പെരുമാറി. കഴുത്തില്‍ തുടലിട്ട് അവളാ പാവത്തിനെ ഒരു കസേരക്കാലില്‍ കെട്ടിയിട്ടു. ഭക്ഷണം പോയിട്ട് പച്ചവെള്ളംപോലും കൊടുത്തില്ല.

    അനേക ദിവസം പട്ടിണികിടന്ന് കിടന്ന് ഒടുവില്‍ ആ സാധുമൃഗം ചത്തു.

    “ഹൊ! എന്തൊരു ക്രൂരത!!” പ്രവാചകന്റെ ഒരനുചരന്‍ അത്ഭുതം പ്രകടിപ്പിച്ചു.

    “ഒരു പെണ്ണിന് ഇത്രക്ക് ദുഷ്ടയാവാന്‍ കഴിയുമോ?” മറ്റൊരാള്‍.

    “അതെ.” പ്രവാചകന്‍ പറഞ്ഞു. “ഈ ചെയ്തിമൂലം അവള്‍ ദൈവകോപം സമ്പാദിച്ചുവെച്ചു.”

    പണ്ട്, ദാഹിച്ചുവലിഞ്ഞ ഒരു നായയോടലിവു കാട്ടിയതിനാല്‍, ഒരാള്‍ക്കു പാപമോചനം കിട്ടിയ കഥ പറഞ്ഞില്ലേ? അതുപോലെ, ഒരു സാധുജീവിയോടു ക്രൂരത കാട്ടിയതിനാല്‍, ഇവളെ  അല്ലാഹു നരകത്തിലേക്കയക്കുകയും ചെയ്തു.

-വി.എസ്.സലിം-

Monday, 21 May 2012

യാത്രാക്കാരനും ദാഹിച്ച നായയും


    മുഹമ്മദ് നബി അനുചരന്മാര്‍ക്ക് പറഞ്ഞുകൊടുത്ത കഥയാണ്.

    ഒരാള്‍ ഒരു യാത്ര പുറപ്പെട്ടു. ഭയങ്കര ചൂടുള്ള ദിവസമായിരുന്നു. സൂര്യന്‍ തലക്കു മുകളില്‍ കത്തിത്തിളങ്ങുന്നു. ഭൂമി കാല്ക്കീഴില്‍ ചുട്ടു പഴുക്കുന്നു.

    പൊള്ളുന്ന മരുഭൂമിയിലൂടെ കുറച്ചുദൂരം പോയപ്പോഴേക്കും അയാള്‍ക്കു തല വേദനിക്കാന്‍ തുടങ്ങി. ദേഹമെല്ലാം വിയര്‍ത്തു. തൊണ്ട വരണ്ടു.

    അയ്യോ!! എന്തൊരു ചൂട്, ഇത്തിരി വെള്ളം കിട്ടിയില്ലെങ്കില്‍ ഞാന്‍ ദാഹിച്ചു മരിച്ചുപോകും! അയാള്‍ സ്വയം പറഞ്ഞു. എന്നിട്ട് വെള്ളമനേ്വഷിക്കാന്‍ തുടങ്ങി.

    ആദ്യം കണ്ട കിണര്‍ അയാളുടെ തൊണ്ടപോലെത്തന്നെ വരണ്ടിരിക്കുന്നു. രണ്ടാമത്തേതും മൂന്നാമത്തേതും അങ്ങനെത്തന്നെ. നേരം ഉച്ചയോടടുക്കുകയാണ്. യാത്രക്കാരന്‍ തളര്‍ന്നു തുടങ്ങി.

    ഒടുവില്‍… ഭാഗ്യം! ഒരു കിണര്‍ കണ്ടു. അയാള്‍ ആര്‍ത്തിയോടെ ഓടിച്ചെന്ന് കുനിഞ്ഞുനോക്കി. അടിയില്‍ ഒരാള്‍ക്കു വെള്ളമുണ്ട്. ഹാവൂ! സമാധാനമായി!

    പക്ഷെ, വെള്ളം എങ്ങനെ കിട്ടും. കൈയില്‍ തൊട്ടിയും കയറുമൊന്നുമില്ല. അയാള്‍ കിണറ്റിനു ചുറ്റും നടന്നു നോക്കി. രക്ഷയില്ല!

    ഇനിയിപ്പോള്‍ ഒരൊറ്റവഴിയേ ഉള്ളൂ… കിണറ്റിലിറങ്ങുക. യാത്രക്കാരന്‍ ശ്രദ്ധയോടെ കിണറ്റിലിറങ്ങാന്‍ തുടങ്ങി. യാത്രാ ക്ഷീണം കാരണം കൈകാലുകള്‍ക്ക് തളര്‍ച്ചയുണ്ടായിരുന്നു. വള്ളിപ്പടര്‍പ്പുകളില്‍ പിടിച്ചു തൂങ്ങിക്കയറാന്‍ അതിനാല്‍ വളരെ പ്രയാസം. പക്ഷെ, താഴോട്ടിറങ്ങുംതോറും അയാള്‍ക്ക് സുഖകരമായ തണുപ്പനുഭവപ്പെട്ടു തുടങ്ങി. ഒടുവില്‍ ഒരുവിധം കിണറ്റിന്നടിയിലെത്തി.

    മുട്ടോളം വെള്ളത്തിലറങ്ങിനിന്ന് അയാള്‍ കുനിഞ്ഞു. കൈകള്‍ രണ്ടും വെള്ളത്തിലാഴ്ത്തി. വിരലുകള്‍ക്കിടയിലേക്ക് വെള്ളം തുള്ളിക്കയറിയപ്പോള്‍… ഹാ… എന്തു സുഖം! അയാള്‍ വീണ്ടും വീണ്ടും കൈകള്‍ വെള്ളത്തില്‍ മുക്കി ആ അനുഭൂതി നുകര്‍ന്നുകൊണ്ടിരുന്നു.

    പിന്നെ മതിയാവോളം വെള്ളം കുടിച്ചു. മുഖവും കഴുത്തുമെല്ലാം വെള്ളം കൊണ്ടു തുടച്ചു. പിന്നീട്, ഉയര്‍ത്തിപ്പിടിച്ചിരുന്ന തന്റെ ഉടുപ്പിന്റെ അടിവശം വെള്ളത്തില്‍ മുക്കി നനച്ചു. അവസാനം രണ്ടു കവിള്‍ വെള്ളം കൂടി കുടിച്ചപ്പോള്‍ ക്ഷീണമെല്ലാം വിട്ടകന്നതായി അയാള്‍ക്കു തോന്നി.

    “ജീവന്റെ ദ്രവരൂപമാകുന്നു വെള്ളം. അല്ലാഹുവാണ് നമുക്കതു നല്കുന്നത്. അവനു സ്തുതി” അയാള്‍ സ്വയം പറഞ്ഞു.
    ക്ഷീണമെല്ലാമകന്നപ്പോള്‍ അയാള്‍ കിണറ്റില്‍നിന്ന് കയറാന്‍ തുടങ്ങി.

    ഇപ്പോള്‍ ആദ്യത്തെ പ്രയാസമൊന്നും തോന്നിയില്ല.

    കിണറ്റിന്റെ തണുത്ത ഉള്ളറയില്‍നിന്നു ഭൂമിയുടെ ചുട്ടുപൊള്ളുന്ന ഉപരിതലത്തിലെത്തിയ അയാള്‍ പെട്ടെന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ഒരു നായ! കുരക്കുകയാണെന്നു പറഞ്ഞുകൂടാ; കരയുകയാണ്. നാവു പുറത്തേക്കിട്ട് തേങ്ങുകയും കിതക്കുകയുമാണ്.


    അത് അയാളുടെ അടുത്തെത്തി. പാവം! അതിനു വല്ലാത്ത ദാഹമുണ്ട്. അത് ദയനീയമായി അയാളെ നോക്കി. പിന്നെ ഭയത്തോടെ അടുത്തുകൊണ്ട് അയാളുടെ നീളന്‍ കുപ്പായത്തിന്റെ അടിവശത്തെ നനവില്‍ നക്കാന്‍ തുടങ്ങി.

    പാവം അതിനു കഠിനമായ ദാഹമുണ്ട്. ഒരു നാഴികമുമ്പ് താന്‍ എങ്ങനെയായിരുന്നോ അതേ അവസ്ഥയിലാണ് അതിപ്പോള്‍. ഇത്തിരി വെള്ളം കിട്ടിയില്ലെങ്കില്‍ ചത്തുപോവും. അയാള്‍ക്ക് നായയോട് വല്ലാത്ത അലിവു തോന്നി. അയാള്‍ അതിന്റെ ശിരസ്സില്‍ മൃദുവായി തലോടി. നായ വാലാട്ടി. അയാളുടെ കുപ്പായത്തിന്റെ വക്കില്‍നിന്ന് നക്കിയെടുത്ത നനവിന്റെ നന്ദി.

    “നില്ക്ക്, ഞാന്‍ നിനക്കു വെള്ളം തരാം” അയാള്‍ നായയോട് പറഞ്ഞിട്ട് കിണറ്റില്‍ വീണ്ടും പൊത്തിപ്പിടിച്ചിറങ്ങാന്‍ തുടങ്ങി. അടിയിലെത്തി, ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് തന്റെ രണ്ടു ഷൂസുമഴിച്ച് വെള്ളം നിറച്ചു.

    ഇതുംകൊണ്ട് എങ്ങനെ കയറും? അധികം ആലോചിക്കേണ്ടിവന്നില്ല. ഷൂസ് രണ്ടും പല്ലുകൊണ്ട് കടിച്ചുപിടിച്ചു. കുറച്ചു കയറിയപ്പോഴേക്കും വലിയ പ്രയാസം തോന്നി. വായില്‍ തൂങ്ങുന്ന ഭാരവുമായി മുകളിലോട്ട് കയറാന്‍ സാധിക്കുന്നില്ല. പല്ലുകള്‍ വല്ലാതെ വേദനിക്കുകയും ചെയ്യുന്നു!

    എന്തിനു പറയുന്നു- ഒരുവിധം അയാള്‍ കരപറ്റി. നായയുടെ മുമ്പില്‍ മുട്ടുകുത്തിയിരുന്ന് അതിനു സൗകര്യപൂര്‍വം കുടിക്കാന്‍ പറ്റും വിധം ഷൂസ് ചെരിച്ചി പിടിച്ചുകൊടുത്തു. വെള്ളം കുടിക്കുമ്പോഴെല്ലാം നായയുടെ വാല്‍ ആടിക്കൊണ്ടേയിരുന്നു. അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞു. നായ ഇപ്പോള്‍ സംതൃപ്തനാണ്. അതിന്റെ ദാഹം തീര്‍ന്നിരിക്കുന്നു.

    ഒരു നായയോട് ദയാപൂര്‍വം പെരുമാറിയ ഈ മനുഷ്യന്റെ പ്രവൃത്തിയില്‍ അല്ലാഹു സന്തുഷ്ടനായി. അയാള്‍ മുമ്പു ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെട്ടു… പ്രവാചകന്‍ കഥ പറഞ്ഞു നിര്‍ത്തി.

    “അല്ല ദൈവദൂതരെ, ജീവികളോടു കരുണ കാണിച്ചാല്‍ ഞങ്ങളുടെ പാപങ്ങളും പൊറുക്കപ്പെടുമോ?” ഒരനുചരന്‍ ചോദിച്ചു.
    തീര്‍ച്ചയായും- പ്രവാചകന്‍ പറഞ്ഞു: ജീവജാലങ്ങളോടു കരുണ കാണിച്ചാല്‍ നമുക്കതിനു ദൈവം പ്രതിഫലം തരും.

-വി.എസ്.സലിം-

Sunday, 20 May 2012

നബിയും ഉറുമ്പുകളും


    മുഹമ്മദ് നബിയും     കൂട്ടുകാരും ഒരു യാത്രയിലായിരുന്നു. വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഇടക്കവര്‍ ഒരിടത്തു തമ്പടിച്ചു. ചിലരെല്ലാം യാത്രാക്ഷീണം കൊണ്ട് തളര്‍ന്നുറങ്ങി. ചിലര്‍ വെറുതെ മലര്‍ന്നു കിടന്നു. ചിലര്‍ അവിടവിടെ കൂട്ടംകൂടിയിരുന്ന് കളിതമാശകള്‍ പറഞ്ഞു രസിച്ചു.

    പ്രവാചകന്‍ മാത്രം പരിസരം സുരക്ഷിതമാണോ, കാര്യങ്ങളൊക്കെ ഭദ്രമാണോ എന്നെല്ലാം നിരീക്ഷിച്ച്‌കൊണ്ട് ചുറ്റി നടക്കുകയായിരുന്നു അപ്പോള്‍…

    അധികം അകലേയല്ലാത്ത ഒരിടത്ത് തീ കത്തുന്നു. സഹയാത്രികരിലാരോ തണുപ്പ് സഹിക്കാഞ്ഞ് തീയിട്ട് കായുകയാണ്. പ്രവാചകന്‍ അയാളോടു ലോഹ്യം പറയാനായി അങ്ങോട്ട് നടന്നു.

    യാദൃച്ഛികമായി അദ്ദേഹത്തിന്റെ ശ്രദ്ധ ഒരിടത്ത് പതിഞ്ഞു. ഒരു മണ്‍പുറ്റ്. അതില്‍ നിറയെ ഉറമ്പുകളാണ്. പരിശ്രമശാലികളായ ഉറുമ്പുകള്‍ മണ്‍കൂനക്കു ചുറ്റും പല പല ജോലികളുമായി ഓടി നടക്കുന്നു. ഒരു പറ്റം ഉറുമ്പുകള്‍ ദൂരെ ഒരിടത്തുനിന്നു ജാഥയായി അങ്ങോട്ടു പോകുന്നുമുണ്ട്. ഉറുമ്പുകൂനക്കും അതിനോടടുത്തുകൊണ്ടിരിക്കുന്ന ജാഥക്കും നടുവിലായിട്ടാണ് തീ കത്തുന്നത്.


    ജാഥ തീയിനോടടുത്തുകൊണ്ടിരിക്കുന്നത് പ്രവാചകന്‍ കണ്ടു. അല്പസമയം കൂടി കഴിഞ്ഞാല്‍ അവയെല്ലാം തീയേറ്റു ചത്തു ചാമ്പലാവും.

    പ്രവാചകനു വളരെ സങ്കടം തോന്നി. നിസ്സാര ജീവികാളാണെങ്കിലും ദൈവത്തിന്റെ അരുമ സൃഷ്ടികളാണല്ലോ ആ ഉറുമ്പുകളും.

പെട്ടെന്ന്  അദ്ദേഹം ഉറക്കെ ചോദിച്ചു:

    “ആരാണവിടെ തീ കത്തിക്കുന്നത്?”

    ആ മനുഷ്യന്‍ പരിഭ്രമിച്ചെഴുന്നേറ്റു നോക്കിയപ്പോള്‍ മുമ്പില്‍ പ്രവാചകന്‍.

    “ഞാനാണ് തിരുദൂതരേ, എന്താണ് സംഗതി?”

    “സംഗതി എന്തുമാകട്ടെ, ആദ്യം തീ കെടുത്തുക. ഉം… വേഗം.”

    അയാള്‍ ഉടന്‍തന്നെ കല്പന അനുസരിച്ചു. കട്ടിയുള്ള ഒരു വലിയ പുതപ്പുകൊണ്ട് തീ തല്ലികെടുത്താന്‍ തുടങ്ങി. തീജ്വാലകള്‍ പത്തി താഴ്തി അപ്രത്യക്ഷമായി.

    പ്രവാചകന്‍ “ദൈവത്തിനു സ്തുതി” എന്ന് പറഞ്ഞ് പുഞ്ചിരിയോടെ നടന്നകന്നപ്പോള്‍ അനുയായി സംഗതി എന്തെന്നറിയാന്‍ ചുറ്റും നോക്കി. ഇതിനകം തീയിട്ട സ്ഥലത്തിനടുത്തെത്തി ചിതറിത്തുടങ്ങിയ ഉറുമ്പ് ജാഥ അയാള്‍ കണ്ടു.

    നിസ്സാര ജീവികളായ ഉറുമ്പുകളുടെ ജീവനുപോലും ഇത്രമാത്രം വിലകല്പിക്കുന്ന പ്രവാചകനെക്കുറിച്ചു അയാള്‍ക്ക് ഏറെ മതിപ്പുതോന്നി.

കുഞ്ഞിക്കിളികള്‍


ഒരിക്കല്‍ മുഹമ്മദ് നബി ശിഷ്യന്മാരോടൊത്ത് യാത്ര ചെയ്യുകയായിരുന്നു. കുറെ വഴിയെത്തിയപ്പോള്‍ ഒരു മരുപ്പച്ച കണ്ടു. ഇത്തിരി വിശ്രമിച്ചിട്ടു പോകാമെന്നു വെച്ചു.

    കുറച്ചു നേരത്തേക്ക് അനുയായികളില്‍നിന്നകന്ന് പ്രവാചകന്‍ അവിടെയൊന്ന് ചുറ്റാനിറങ്ങി. ഈ സമയം അനുചരന്മാര്‍ ഓരോ തമാശ പറഞ്ഞും അവിടെ പറന്നു കളിച്ചിരുന്ന പക്ഷികളെ നിരീക്ഷിച്ചും ഉല്ലസിച്ചു. ആ സ്ഥലത്ത് ചന്തമുള്ള ധാരാളം പക്ഷികളുണ്ടായിരുന്നു.
    പെട്ടെന്ന് കൂട്ടത്തിലൊരാള്‍ മേല്‌പോട്ട് വിരല്‍ചൂണ്ടി പറഞ്ഞു:


    “നോക്കൂ നല്ല ഭംഗിയുള്ള പക്ഷി”

    “അമ്മപ്പക്ഷിയാണെന്നു തോന്നുന്നു. കൂടെയുള്ള കുഞ്ഞിക്കിളികള്‍ അതിന്റെ മക്കളായിരിക്കാം.”

    അതൊരു കിളിയായിരുന്നു. കൂടെപ്പറക്കുന്ന കുഞ്ഞിക്കിളികള്‍ അതിന്റെ മക്കള്‍ തന്നെ. മൂന്നു കിളികളും കൂടി, ഇരിക്കുന്ന ആള്‍ക്കൂട്ടത്തിനു മുകളില്‍ വട്ടമിട്ടു പറന്നുല്ലസിക്കുകയായിരുന്നു. പ്രവാചകന്റെ അനുചരന്മാര്‍ ചന്തമുള്ള ആ കിളികളെ സന്തോഷത്തോടെ നോക്കിയിരുന്നു.

    കുഞ്ഞിക്കിളികള്‍ക്ക് അമ്മയെപ്പോലെ പറക്കാന്‍ വശമുണ്ടായിരുന്നില്ല. ക്രമേണ അവ രണ്ടും ആളുകളുടെ തലക്കു തൊട്ടു മുകളില്‍ താഴ്ന്നു പറന്നുവരാന്‍ തുടങ്ങി.

    “നമുക്കവയെ പിടിക്കാം” ഒരാള്‍ പറഞ്ഞു.

    “എളുപ്പമാണ്.” മറ്റുള്ളവരും യോജിച്ചു.

കുഞ്ഞിക്കിളികള്‍ പിന്നെയും കൈയകലത്തില്‍ പറന്നെത്തിയപ്പോള്‍ രണ്ടുപേര്‍ അവയെ ആഞ്ഞുപിടിച്ചു. രക്ഷപ്പെടാന്‍ അവ കുതറി നോക്കിയെങ്കിലും സാധിച്ചില്ല. ശക്തിയുള്ള മനുഷ്യരോട് രണ്ടു പാവം കിളികള്‍ എന്തു ചെയ്യാനാണ്. ഗത്യന്തരമില്ലാതെ അവ ആ മനുഷ്യരുടെ കൈക്കുമ്പിളില്‍ പേടിച്ചുവിറച്ച് അനങ്ങാതിരുന്നു. അവര്‍ പക്ഷികളെ സൂക്ഷിച്ചു നിരീക്ഷിക്കുകയും അവയുടെ ഭംഗിയുള്ള തൂവലുകളില്‍ തൊട്ടുതലോടുകയും മറ്റും ചെയ്തുകൊണ്ടിരുന്നു.

    പ്രവാചകന്റെ ശിഷ്യന്മാര്‍ ആ പക്ഷികളോടു വളരെ ദയാപൂര്‍വമാണ് പെരുമാറിയത്. ജീവജാലങ്ങളോട് കരുണ കാണിക്കണമെന്ന് അവരുടെ ഗുരു എപ്പോഴും അവരോട് ഉപദേശിക്കാറുണ്ടായിരുന്നുവല്ലോ. ആ പക്ഷിക്കുഞ്ഞുങ്ങളെ ഉപദ്രവിക്കണമെന്ന് അവര്‍ക്കുദ്ദേശ്യവുമില്ലായിരുന്നു. ചന്തമുള്ള കിളികളെ അടുത്തു കാണാനുള്ള കൗതുകം കൊണ്ടുപിടിച്ചെന്നേയുള്ളു.

    പക്ഷെ, അമ്മക്കിളിക്ക് ഇതറിയുമോ? തന്റെ കുഞ്ഞുങ്ങളെ ആ മനുഷ്യര്‍ പിടിച്ചതു കണ്ട് അത് വല്ലാതെ പരിഭ്രമിച്ചു. അവരവയെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്യുമെന്നായിരുന്നു അതിന്റെ വിഷാദം. അത് ദയനീയമായി കരഞ്ഞുകൊണ്ട് അവര്‍ക്കു ചുറ്റും താഴ്ന്ന് പറന്നു.

    പ്രവാചക ശിഷ്യന്മാര്‍ ആ പക്ഷിയെ ആട്ടിയകറ്റാന്‍ നോക്കി. പക്ഷെ, ദുഖിതയായ ആ അമ്മ ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് അവിടെത്തന്നെ ചുറ്റിപ്പറന്നു.

    ഈ സംഭവങ്ങളെല്ലാം  നടന്നുകൊണ്ടിരിക്കെ പെട്ടെന്ന്, പ്രവാചകന്‍ അങ്ങോട്ട് കടന്നുവന്നു. കരഞ്ഞുകൊണ്ട് അവിടെ ചുറ്റിപ്പറക്കുന്ന അമ്മക്കിളിയെ അവിടന്നു കണ്ടു. തന്റെ ശിഷ്യന്മാരുടെ കയ്യില്‍ രണ്ടു കുഞ്ഞിക്കിളികളിരിക്കുന്നതുകൂടി കണ്ടപ്പോള്‍ അമ്മപ്പക്ഷിയുടെ ദുഖത്തിന്റെ കാരണം തിരുമേനിക്ക് ബോധ്യപ്പെടുകയും ചെയ്തു.
  
 “ആരാണ് ആ പാവം കിളിയുടെ മക്കളെ പിടിച്ചുവെച്ച് അതിനെ വേദനിപ്പിച്ചത്?” പ്രവാചകന്‍ ഇത്തിരി കോപത്തോടെ അനേ്വഷിച്ചു.
   
ആ കിളിക്കുഞ്ഞുങ്ങളെ ഉടന്‍ മോചിപ്പിക്കുവാനും സന്തോഷപൂര്‍വം അമ്മയോട് ചേരാന്‍ അനുവദിക്കാനും നബി ആവശ്യപ്പെട്ടു.
  
 ശിഷ്യന്മാര്‍ ഗുരു കല്പന  ഉടനെ അനുസരിച്ചു.

    കൈക്കുമ്പിള്‍ തുറന്നു. ചെറുതായൊന്നു പിടഞ്ഞശേഷം കുഞ്ഞിക്കിളികള്‍ ചിറകുവിരുത്തി മേല്‌പോട്ടു പറന്നു. ഉയരങ്ങളില്‍ അവ അമ്മയോട് ചേര്‍ന്നു. മൂന്ന് കിളികളും കൂടി ഉത്സാഹത്തോടെ ദൂരേക്ക് പറന്നുപോവുകയും ചെയ്തു.

    സന്തോഷകരമായ ഒരു കാഴ്ചയായിരുന്നു അത്. മക്കളെ തിരിച്ചു കിട്ടിയ ആ അമ്മക്കിളിയുടെ സന്തോഷം നല്ലവരായ പ്രവാചക ശിഷ്യന്മാരിലും ആനന്ദമുളവാക്കാതിരിക്കുമോ?.
   

കരയുന്ന ഒട്ടകം

മുഹമ്മദ് നബിയുടെ ജീവകാരുണ്യത്തെക്കുറിച്ച് അനേകം കഥകളുണ്ട്.

    പ്രവാചകന്‍ ജീവിച്ച 'മദീന' സുന്ദരമായ ഒരു നഗരമായിരുന്നു. നഗരത്തിലെങ്ങും നിരവധി തോട്ടങ്ങള്‍. തോട്ടങ്ങളില്‍ ധാരാളം മരങ്ങളും. സൂര്യന്‍ ആകാശത്ത് കത്തിജ്വലിച്ചു നില്ക്കുമ്പോള്‍ ഈ മരങ്ങള്‍ ഭൂമിയില്‍ തണുത്ത തണലുപൊഴിച്ചു നില്ക്കും. പൊള്ളുന്ന പകലുകളില്‍ തണുപ്പേല്പിക്കാനായി പ്രവാചകന്റെ ശിഷ്യന്‍മാര്‍ ഈ തണല്‍ മരങ്ങളുടെ ചുവട്ടില്‍ പോയിരിക്കുക പതിവായിരുന്നു.

    ഒരു ദിവസം പ്രവാചകന്‍ ശിഷ്യന്‍മാരിലാരെയോ കാണാന്‍ വീട്ടില്‍നിന്നിറങ്ങി. മദീനയുടെ നിരത്തിലൂടെ നടന്ന് നടന്ന് അദ്ദേഹം തോട്ടത്തിനടുത്തെത്തി. തിരുമേനി ആ തോട്ടത്തില്‍ കടന്നു.

    ഒരു മനുഷ്യന്‍ മരച്ചുവട്ടില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. തോട്ടത്തിലവിടവിടെയായി പ്രവാചകന്റെ ചില ശിഷ്യന്‍മാരും ഇരിക്കുന്നുണ്ട്. തോട്ടത്തിന്റെ ഒരു മൂലയില്‍ കുറ്റിയില്‍ കെട്ടിയിട്ട ഒരൊട്ടകത്തേയും പ്രവാചകന്‍ കണ്ടു. ആ ഒട്ടകത്തില്‍നിന്ന് ദയനീയമായ ഒരു ശബ്ദവും ഇടയ്ക്കിടെ ഉയരുന്നുണ്ടായിരുന്നു.

    പ്രവാചകന്‍ മെല്ലെ ഒട്ടകത്തെ കെട്ടിയിട്ട ഭാഗത്തേക്കു നീങ്ങി. അടുത്തു ചെന്നപ്പോള്‍ തിരുമേനിക്കു മനസ്സിലായി, ആ പാവം കരയുകയാണ്. വലിയ കണ്ണീര്‍ക്കണങ്ങള്‍ അതിന്റെ കവിളിലൂടെ ഉരുണ്ടിറങ്ങുന്നു. കണ്ണീരുവീണ് കവിളത്തെ രോമമെല്ലാം നനഞ്ഞിട്ടുണ്ട്. പ്രവാചകന് ആ സാധുജീവിയോട് വല്ലാത്ത അലിവു തോന്നി. തിരുമേനി സാവധാനം അതിന്റെ കവിളത്തു തലോടുകയും കണ്ണീര് തുടച്ച് കളയുകയും ചെയ്തു. ആ ഒട്ടകം വല്ലാതെ മെലിഞ്ഞിരിക്കുന്നതും പ്രവാചകന്‍ ശ്രദ്ധിച്ചു.

    അല്പം കഴിഞ്ഞപ്പോള്‍ നബിയുടെ സാന്ത്വനം ഫലിച്ചിട്ടെന്നപോലെ ഒട്ടകം കരച്ചില്‍ നിര്‍ത്തി. ക്രമേണ, സന്തോഷമുണ്ടാകുമ്പോള്‍ ഒട്ടകം ചെയ്യാറുള്ളതുപോലെ അത് ഒരു തരം ഫൂല്‍ക്കാരം പുറപ്പെടുവിക്കാനും തുടങ്ങി.

    നബി ഒട്ടകത്തില്‍നിന്നകന്ന് തോട്ടത്തിലിരിക്കുന്ന എല്ലാവരേയും ഒന്നു വീക്ഷിച്ചു.

    “ആരാണ് ഈ ഒട്ടകത്തിന്റെ ഉടമസ്ഥന്‍” തിരുമേനി എല്ലാവരോടുമായി തെല്ലുറക്കെ ചോദിച്ചു.

    മരത്തിന്റെ ചുവട്ടിലിരുന്ന ആ മനുഷ്യന്‍ എഴുന്നേറ്റ് വന്നു.

    “ഞാനാണ് പ്രവാചകരേ”

    ആ ഒട്ടകത്തോടയാള്‍ വല്ലാതെ ക്രൂരത കാണിച്ചുവെന്ന് നബി പറഞ്ഞു. ഒട്ടകം കരയുന്നതും ദയനീയ ശബ്ദം പുറപ്പെടുവിക്കുന്നതും ഉടമസ്ഥന്‍ അതിനെക്കൊണ്ട് കഠിനാധ്വാനം ചെയ്യിച്ചിട്ടാണ്. മതിയായ ഭക്ഷണം കൊടുക്കുന്നുമില്ല. ഈ ഒട്ടകം ഇങ്ങനെ ശോഷിച്ചിരിക്കുന്നത് അതിന്റെ ഉടമസ്ഥന്റെ ദുഷ്ടതകൊണ്ടാണെന്ന് ഇവിടെയിരിക്കുന്ന ആര്‍ക്കും മനസ്സിലാവും.

    ഒട്ടകത്തിന്റെ ഉടമസ്ഥന് ഇതൊക്കെ കേട്ടിട്ട് കുറേശ്ശെ ലജ്ജ തോന്നി തുടങ്ങി.

    “ഈ ഒട്ടകത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? പ്രവാചകന്‍ അയാളോട് ചോദിച്ചു. ദൈവം ഒട്ടകത്തെ മനുഷ്യനെയേല്പിച്ചിരിക്കുന്നത് അവന്‍ അതിനെ നന്നായി സംരക്ഷിക്കാനും പകരം അതവനുവേണ്ടി ഭാരം ചുമക്കാനും ക്ഷീരം ചുരത്താനുമാണല്ലോ.”

    പ്രവാചകന്റെ ഈ വിസ്താരം ആ മനുഷ്യനില്‍ വല്ലാത്ത കുറ്റബോധമുണ്ടാക്കി.

    “ഞാന്‍ ചെയ്തതു തെറ്റായിപ്പോയി. ദൈവത്തിന്റെ ഈ സൃഷ്ടിയോട് ഞാനിങ്ങനെ ക്രൂരത കാണിക്കരുതായിരുന്നു. എനിക്കതില്‍ തീര്‍ച്ചയായും ഖേദമുണ്ട്.” അയാള്‍ ഏറ്റു പറഞ്ഞു.

    എല്ലാ ജീവജാലങ്ങളോടും നല്ല നിലയില്‍ വര്‍ത്തിക്കണം- പ്രവാചകന്‍ ശിഷ്യന്‍മാരെ എപ്പോഴും പഠിപ്പിക്കാറുണ്ടായിരുന്നു. അവയ്ക്കു നന്‍മ ചെയ്താല്‍ ദൈവം സന്തോഷിക്കും; അവയോട് ക്രൂരത കാട്ടിയാല്‍ ദൈവം കോപിക്കുകയും ചെയ്യും.