Sunday 2 September 2012

ചിതലുകളുടെ സേവനം




പ്രവാചകനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ശത്രുക്കള്‍ ബഹിഷ്‌കരണവും ഉപരോധവും ഏര്‍പ്പെടുത്തി. അബൂജഹ്‌ലാണ്  ഇതിന് നേതൃത്വം നല്‍കിയത്. മുസ്‌ലിംകള്‍ കടുത്ത ദാരിദ്ര്യത്തിലും കൊടിയ കഷ്ടപ്പാടുകളിലുമകപ്പെട്ടു. പച്ചിലകള്‍ ഭക്ഷിച്ചുപോലും കഴിയേണ്ടിവന്നു. എന്നാല്‍, ഈ ദുരിത ദിനങ്ങളിലും ചില സുമനസ്സുകള്‍ വളരെ രഹസ്യമായി ആഹാരപദാര്‍ത്ഥങ്ങള്‍ എത്തിച്ചു കൊടുത്തിരുന്നു. ഹിശാമുബ്‌ന് അംറ് അവരില്‍ ഏറെ പ്രമുഖനാണ്.

    തുല്യതയില്ലാത്ത കഷ്ടപ്പാടുകളുടെ ഈ നാളുകളിലും പ്രവാചകനും അനുചരന്മാരും അത്ഭുതകരമായ ക്ഷമ പാലിച്ചു. അവരുടെ അതുല്യമായ ഈ ത്യാഗം പലരിലും മതിപ്പുളവാക്കി. അവരില്‍ ചിലരെങ്കിലും വിശ്വാസികളോട് അകമറിഞ്ഞ സഹതാപം പ്രകടിപ്പിച്ചു. അപൂര്‍വം ചിലര്‍ സന്മാര്‍ഗം സ്വീകരിക്കാനും ഇതു കാരണമായി.

    ബഹിഷ്‌കരണം മൂന്നുകൊല്ലം പിന്നിട്ടതോടെ ചില നല്ല മനുഷ്യര്‍ രംഗത്തുവന്നു. ഹിശാമുബ്‌നു അംറ്, സുഹൈറുബ്‌നു അബീ ഉമയ്യ പോലുള്ളവര്‍ ഉപരോധത്തിനും ബഹിഷ്‌കരണത്തിനുമെതിരെ രംഗത്തുവന്നു. ഖുറൈശി പ്രമുഖരോട് സുഹൈര്‍ പ്രഖ്യാപിച്ചു: 'മക്കാനിവാസികളെ, നാം സുഭിക്ഷമായി ജീവിക്കുന്നു. തിന്നുകയും കുടിക്കുകയും ധരിക്കുകയും ചെയ്യുന്നു. നമ്മുടെ ബന്ധുക്കളായ ഹാശിം-മുത്തലിബ് കുടുംബാംഗങ്ങള്‍ ആ മലഞ്ചെരുവില്‍ കിടന്നു പൊറുതിമുട്ടുന്നു. അന്യായമായ ഈ ബഹിഷ്‌കരണ കരാര്‍ പത്രിക കീറിനശിപ്പിച്ചാലല്ലാതെ ഇനി വിശ്രമമില്ലെന്ന് ഞാനിതാ പ്രതിജ്ഞ ചെയ്യുന്നു.'

    ഇതു കേട്ട് കോപാകുലനായ അബൂജഹല്‍ പറഞ്ഞു; 'ഈ കരാര്‍ ലംഘിക്കാനുള്ളതല്ല. ആര്‍ക്കും അത് റദ്ദാക്കാനാവില്ല.'

    എന്നാല്‍, ഹിശാമും കൂട്ടുകാരും വിട്ടുകൊടുത്തില്ല. കരാര്‍ റദ്ദാക്കിയേ അടങ്ങൂ എന്നവര്‍ തീരുമാനിച്ചു. കഅ്ബയില്‍ പതിച്ചിരുന്ന കരാര്‍ പരസ്യമായി കീറിക്കളയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ കരാര്‍ പത്രിക കീറാനായി ചെന്നു. അപ്പോള്‍ 'അല്ലാഹുവിന്റെ നാമത്തില്‍' എന്നെഴുതിയ ആദ്യഭാഗമൊഴിച്ചുള്ളതെല്ലാം ചിതല്‍ തിന്ന് നശിപ്പിച്ചിരുന്നു. അങ്ങനെ 'അബൂതാലിബ് താഴ്‌വര'യില്‍ ഉപരോധിക്കപ്പെട്ട പ്രവാചകന്റെയും അനുചരന്മാരുടെയും മോചനത്തില്‍ ചിതലുകളും അവയുടേതായ പങ്കുവഹിച്ചു.

Tuesday 5 June 2012

പ്രവാചകനും വൃദ്ധയും

  
 പ്രവാചകന്‍ മുഹമ്മദ് നബി സമൂഹത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് എപ്പോഴും ഒരു കൈത്താങ്ങായിരുന്നു. പ്രവാചകന്റെ ജീവിതത്തിലുടനീളം നമുക്കത് കാണാന്‍ കഴിയും.

    ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദ് നബി അങ്ങാടിയിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ ഭാരമേറിയ ചുമട് തലയില്‍ വഹിച്ചു കൊണ്ടുപോകുന്ന വൃദ്ധയെ പ്രവാചകന്റെ ശ്രദ്ധയില്‍പ്പെട്ടു.

    പ്രവാചകന്‍ ആ വൃദ്ധയോട് പറഞ്ഞു 'ആ ഭാരചുമട് ഇങ്ങോട്ട് തരൂ ഇത് ഞാന്‍ ചുമന്ന് കൊള്ളാം'

    വൃദ്ധയുടെ ചുമടുമായി പ്രവാചകന്‍ അവരോടൊപ്പം നടന്നു. വൃദ്ധയ്ക്ക് പ്രവാചകന്റെ പ്രവൃത്തിയില്‍ അത്ഭുതം തോന്നി.

    പ്രവാചകനോട് പറഞ്ഞു 'ഇവിടെ മുഹമ്മദ് എന്ന പറയുന്ന ഒരാള്‍ നമ്മുടെ പൂര്‍വികന്മാരെയും ദൈവങ്ങളെയും ഒക്കെ തള്ളിപ്പറയുന്നു. അവന്‍ ആളുകളെ ഒക്കെ വഴിപിഴപ്പിക്കുകയാണ്. മോനെപ്പോലെയുള്ള യുവാക്കള്‍ അവന്റെ പിടിയില്‍ അകപ്പെടരുത്'

    തന്നെകുറിച്ചാണ് ആ സ്ത്രീ പറയുന്നതെന്ന് മനസ്സിലായിട്ടും പ്രവാചകന്‍ മറുപടിയൊന്നും പറഞ്ഞില്ല. ആ ഭാരവും ചുമന്ന് അവര്‍ക്ക് എത്തേണ്ട സ്ഥലത്ത് അത് എത്തിച്ചുകൊടുത്തു. തിരിച്ച് പോകുന്ന സമയത്ത് പ്രവാചകനോട് പേര് ചോദിച്ചു;

    പ്രവാചകന്‍ മറുപടി പറഞ്ഞു. താങ്കള്‍ നേരത്തെ സൂചിപ്പിച്ച ആ മുഹമ്മദ് ഞാനാണ്. ആ വൃദ്ധ ആശ്ചര്യപ്പെട്ടു. പിന്നീട് ആ വൃദ്ധ പ്രവാചന്റെ വിശ്വാസം സ്വീകരിച്ചു.

ഘാതകന്‍ സ്വര്‍ഗത്തിലേക്ക്

    

ഒരിക്കല്‍ പ്രവാചകന്‍ ഇസ്രായീല്‍ സമുദായത്തില്‍പ്പെട്ട ഒരു ഘാതകന്റെ ചരിത്രം അനുയായികള്‍ക്ക് വിവരിച്ചുകൊടുത്തു.
.
ഇസ്രാഈല്‍ സമുദായത്തില്‍ ഒരു സുപ്രസിദ്ധ ഘാതകനുണ്ടായിരുന്നു. തൊണ്ണൂറ്റൊമ്പത് ആളുകളെ അയാള്‍ കൊന്നിട്ടുണ്ട്. ഇത്രയധികം മനുഷ്യാത്മാക്കളെ അയാള്‍ ഹനിച്ചുകളഞ്ഞെങ്കിലും പിന്നീടയാള്‍ക്ക് പാപപങ്കിലമായ തന്റെ ജീവിതത്തെക്കുറിച്ച് ഖേദം തോന്നി.

പര്‍വതസമാനമായ തന്റെ പാപങ്ങള്‍ക്കൊരു പരിഹാരമുണ്ടാവണമെന്ന് അയാള്‍ ആത്മാര്‍ത്ഥമായാഗ്രഹിച്ചു. ഭാവിയിലെങ്കിലും സദ്‌വൃത്തനായി ജീവിക്കാനുള്ള വല്ല സാധ്യതയും തന്നില്‍ അവശേഷിക്കുന്നുണ്ടോ എന്നറിയാനുള്ള ജിജ്ഞാസ അയാളില്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരുന്നു. തന്നെ സല്‍പന്ഥാവിലേക്ക് തിരിച്ചുവിടാന്‍ പ്രാപ്തനായ ഒരാളുടെ ഉപദേശം അയാള്‍ക്ക് ആവശ്യമായിരിക്കുകയാണ്.

“ആരാണേറ്റവും വലിയ പണ്ഡിതന്‍?” അയാള്‍ അനേ്വഷണമാരംഭിച്ചു.

ഒരു സന്യാസിയെക്കുറിച്ച് അയാള്‍ക്ക് വിവരം ലഭിച്ചു. തന്നെ നന്മയിലേക്ക് നയിക്കാന്‍ പ്രാപ്തനായിരിക്കും ആ ഭക്തനെന്ന് അയാള്‍ക്ക് തോന്നി. ഒട്ടും വൈകിയില്ല. അയാള്‍ ആ ഭക്തനെ സമീപിച്ചു.

    “തൊണ്ണൂറ്റൊമ്പത് മനുഷ്യാത്മാക്കളെ വധിച്ചു കളഞ്ഞ ഒരു മഹാഘാതകനു പാപമോചനം സിദ്ധിക്കുമോ?” അയാള്‍ സന്യാസിയോട് അഭിപ്രായമാരാഞ്ഞു.

തികഞ്ഞ അവജ്ഞയും അമര്‍ഷവും നിറഞ്ഞ സ്വരത്തില്‍ സന്യാസി പറഞ്ഞു “ഇല്ല”

ഇതുകേട്ടപ്പോള്‍ അയാള്‍ക്ക് വല്ലാത്ത നിരാശയും കലിയും ഉളവായി. അയാള്‍ ക്ഷോഭിച്ച് ആ സന്യാസിയേയും കൊന്നു കളഞ്ഞു. അങ്ങനെ അയാള്‍ നൂറുപേരെ കൊന്ന പാപിയാണിപ്പോള്‍.

ഇനിയെന്തുവേണം? - ആ കൊലയാളിയുടെ ഹൃദയം തപിച്ചുകൊണ്ടിരിക്കുകയാണ്.

“മുട്ടുക, തുറക്കപ്പെടും” - അയാളുടെ അന്തര്‍ഗതം സദാ അയാളോട് മന്ത്രിച്ചുകൊണ്ടിരുന്നു.

“ഭൂലോക പണ്ഡിതരില്‍ മഹോന്നതന്‍ ആരാണ്?” അയാള്‍ അനേ്വഷണം തുടര്‍ന്നു. ഇക്കുറി അയാള്‍ക്ക് ഒരു മഹാപണ്ഡിതനെക്കുറിച്ചാണ് വിവരം ലഭിച്ചത്. താമസംവിനാ അയാള്‍ ആ വിദ്വാനെ സമീപിച്ചു.

“നൂറാളുകളെ വധിച്ച ഒരു മഹാപാപി മോക്ഷത്തിനര്‍ഹനാണോ?” അയാള്‍ തന്റെ സംശയം പണ്ഡിതന്റെ മുമ്പില്‍ തുറന്നുവെച്ചു.

“അതെ, തീര്‍ച്ചയായും അവന്‍ മോക്ഷത്തിനര്‍ഹനാണ്. പശ്ചാത്തപിച്ച ഹൃദയത്തോടെ സ്രഷ്ടാവിലേക്ക് മടങ്ങുന്ന മനുഷ്യനെ തീര്‍ച്ചയായും അവന്‍ സ്വീകരിക്കും. ദൈവകാരുണ്യത്തില്‍നിന്ന് മനുഷ്യനെ തടഞ്ഞുനിറുത്താന്‍ ഒന്നുംതന്നെയില്ല. അതുകൊണ്ട് നീ 'ബുസ്രാ' രാജ്യത്തേക്ക് പോവുക. സര്‍വാത്മനാ അല്ലാഹുവെ അനുസരിക്കുന്ന കുറെ സജ്ജനങ്ങളുണ്ടവിടെ. അവിടെ അവരോടൊപ്പം അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്കൊത്ത ജീവിക്കുക. സ്വദേശത്തേക്ക് ഒരിക്കലും മടങ്ങരുത്. വളരെ മ്ലേച്ചമായ ഒരു നാടാണ് നിന്റെ സ്വദേശം”- പണ്ഡിതവര്യന്‍ ആ കൊലയാളിക്ക് നിര്‍ദേശം നല്കി.

അങ്ങനെ അയാള്‍ ആ പണ്ഡിതന്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് തിരിച്ചു. യാത്ര പകുതിയായതേയുള്ളു; അയാളുടെ ജീവിതാന്ത്യം സമാഗതമായിക്കഴിഞ്ഞു.

“ആരാണിയാളുടെ ആത്മാവ് ഏറ്റെടുക്കേണ്ടത്?” കാരുണ്യത്തിന്റെയും ശിക്ഷയുടെയും മലക്കുകള്‍ തമ്മില്‍ തര്‍ക്കമായി.

“തന്റെ ദുഷ്‌ചെയ്തികളില്‍ പരമാവധി ഖേദിച്ചു പശ്ചാത്തപിച്ച ഹൃദയം അല്ലാഹുവിലര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം സഞ്ചരിച്ചത്. ആയതുകൊണ്ട് ഈ വിശുദ്ധന്റെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാനുള്ള അര്‍ഹത ഞങ്ങള്‍ക്കാണ്”- കാരുണ്യത്തിന്റെ മലക്കുകള്‍ വാദിച്ചു.

“ജീവിതത്തില്‍ അണുഅളവും നന്മ പ്രവര്‍ത്തിച്ചിട്ടില്ലാത്ത കൊടും പാപിയാണിവന്‍; അതുകൊണ്ട് ഈ ദുഷ്ടന്റെ നീചമായ ആത്മാവിനെ നിഷ്‌കരുണം പിടിച്ചെടുക്കാനുള്ള അവകാശം ഞങ്ങള്‍ക്കാണ്”- ശിക്ഷയുടെ മലക്കുകളും ന്യായവാദം നടത്തി.
മലക്കുകള്‍ തമ്മിലുള്ള തര്‍ക്കം മൂത്തു. അപ്പോള്‍ മനുഷ്യരൂപത്തില്‍ മറ്റൊരു മലക്ക് അവിടെ ആഗതനായി. ആഗതന്‍ അവര്‍ക്കിടയില്‍ മാധ്യസ്ഥ്യം വഹിച്ചു.

“ഇയാള്‍ സഞ്ചരിച്ച വഴിയുടെയും സഞ്ചരിക്കാന്‍ ബാക്കിയുള്ള വഴിയുടെയും ദൂരം നിങ്ങള്‍ അളന്നു തിട്ടപ്പെടുത്തുക. താന്‍ ലക്ഷ്യംവെച്ച പ്രദേശത്തേക്കാണ് ഇദ്ദേഹം അല്പമെങ്കിലും അടുത്തതെങ്കില്‍ ഇയാളുടെ ആത്മാവ് കാരുണ്യത്തിന്റെ മലക്കുകള്‍ സ്വീകരിക്കട്ടെ!; ഇയാള്‍ പുറപ്പെട്ട പ്രദേശത്തോടാണ് അടുത്തിരിക്കുന്നതെങ്കില്‍ ശിക്ഷയുടെ മലക്കുകള്‍ ഏറ്റെടുക്കട്ടെ” മാധ്യസ്ഥന്‍ വിധി കല്പിച്ചു. അവര്‍ വഴിയുടെ രണ്ടറ്റത്തുനിന്നുള്ള ദൂരം സൂക്ഷ്മമായി അളന്നു പരിശോധിച്ചപ്പോള്‍ അയാള്‍ പോകാനുദ്ദേശിച്ച രാജ്യത്തോട് ഒരു ചാണ്‍ അടുത്തിരിക്കുന്നതായി കണ്ടു. അനന്തരം അയാളുടെ ആത്മാവ് കാരുണ്യത്തിന്റെ മലക്കുകള്‍ സസന്തോഷം സ്വീകരിച്ചു.

Monday 4 June 2012

ജാബിറിന്റെ സല്‍ക്കാരം



പ്രവാചകന്‍ മുഹമ്മദ് നബി അനുയായികളെ ജോലി ഏല്‍പിച്ച് അടങ്ങിയിരിക്കുകയല്ല ചെയ്തിരുന്നത്. അവര്‍ക്ക് പ്രയാസമേറിയ ജോലികള്‍ പ്രവാചകന്‍ സ്വയം ഏറ്റെടുക്കുകയാണ് ചെയ്തിരുന്നത്.

    ഒരിക്കല്‍ നബിയും അനുചരന്മാരും ഖന്‍ദഖ് യുദ്ധം സംബന്ധിച്ച കാര്യങ്ങളില്‍ വ്യാപൃതരാണ്. അനുചരന്മാര്‍ കിടങ്ങ് കുഴിച്ചുക്കൊണ്ടിരിക്കുന്നു. അവര്‍ ത്വരിതഗതിയില്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ പിക്കാസിന് വഴങ്ങാത്ത ഒരുറച്ച ഭാഗം ഭൂമിക്കടിയില്‍ കണ്ടു. അവരുടെ മുഴുവന്‍ കഴിവും പ്രയോഗിച്ച് അത് പിളര്‍ക്കാന്‍ പരിശ്രമിച്ചെങ്കിലും അല്പം പോലും അതു വഴങ്ങിയില്ല.

    അനുചരന്മാര്‍ പ്രവാചകനോട് വന്നു പറഞ്ഞു. 'പ്രവാചകരേ, പാറയുടെ ഉറച്ചഭാഗം പൊട്ടിക്കാന്‍ എത്ര പരിശ്രമിച്ചിട്ടും കഴിയുന്നില്ല'.

    'കിടങ്ങില്‍ ഞാനിറങ്ങാം' എന്നു പറഞ്ഞുകൊണ്ട് നബി ഉടനെ എഴുന്നേറ്റു.

    പ്രവാചകന്‍ പിക്കാസെടുത്ത് ആ സ്ഥാനത്തുവെട്ടി. വെട്ടുകൊള്ളേണ്ട താമസം പാറ പിളര്‍ന്നു.   

അസഹനീയമായ വിശപ്പുമൂലം തിരുമേനിയുടെ ഉദരത്തിന്മേല്‍ വലിയ ഒരു കല്ല് വെച്ച് കെട്ടിയിരുന്നു. പ്രവാചകന്‍ കിടങ്ങ് കുഴിക്കുന്ന സന്ദര്‍ഭത്തില്‍ അനുചരന്മാര്‍ അതു കണ്ടു. അന്നേയ്ക്ക് മൂന്ന് ദിവസമായി അവരെല്ലാം ആഹാരം കഴിച്ചിട്ട്.

    പ്രവാചകന്റെ അവസ്ഥ കണ്ട അനുചരനായ ജാബിര്‍ നബിയോട് സമ്മതം വാങ്ങി സ്വവസതിയിലേക്ക് തിരിച്ചു.

    വീട്ടില്‍ പ്രവേശിച്ച ജാബിര്‍ പത്‌നിയോടനേ്വഷിച്ചു.

    'ഞാന്‍ പ്രവാചകനില്‍ അസഹനീയമായ ഒരു കാര്യം ദര്‍ശിച്ചിരിക്കുന്നു. അതു കണ്ടുകൊണ്ട് ക്ഷമിച്ചിരിക്കാന്‍ എനിക്ക് സാധ്യമല്ല. ഇവിടെ ആഹാര സാധനങ്ങളായി വല്ലതുമുണ്ടോ.'

    'ഇവിടെ കുറച്ചു ഗോതമ്പും ഒരു പെണ്ണാടും ഉണ്ട്' ഭാര്യ മറുപടി പറഞ്ഞു.

    അദ്ദേഹം ആടിനെയറുത്തു, മാംസം വെടിപ്പാക്കി പാകം ചെയ്യാനുള്ള പാത്രത്തിലാക്കി വെച്ചു. ഗോതമ്പുപൊടി കുഴച്ചുവെക്കുകയും ചെയ്തു.

    മാംസവും മറ്റും അടുപ്പില്‍ വെയ്ക്കാറായി. സമയം മധ്യാഹ്നത്തോട് അടുത്തു.

    ജാബിര്‍ നബിയെ വിവരമറിയിച്ചു. 'നബിയെ, അല്പം ആഹാരം എന്റെ വീട്ടിലുണ്ട്. താങ്കളും ഒന്നോ രണ്ടോ ആളുകളും അവിടംവരെ വന്നാലും'

    'എത്ര പേര്‍ക്കുള്ളതുണ്ട്' നബി അനേ്വഷിച്ചു. ജാബിര്‍ ഉള്ള ഭക്ഷണത്തിന്റെ അളവ് വിശദീകരിച്ചു.

    നബി ജാബിറിനോട് കല്പിച്ചു 'ഞാന്‍ വരുവോളം ഇറച്ചിക്കലവും ചപ്പാത്തിയും അടുപ്പില്‍നിന്ന് നീക്കരുത്. ഈ വിവരം നിന്റെ ഭാര്യയോട് വേഗം പോയി പറയുക'

    'എല്ലാവരും വരുക, നമുക്ക് ഭക്ഷണം കഴിക്കാന്‍ ജാബിറിന്റെ വീട്ടിലേക്ക് പോകാം' പ്രവാചകന്‍ അവിടെയുള്ള മുഴുവന്‍ അനുചരന്മാരെയും അറിയിച്ചു.

    വീട്ടിലെത്തിയ ജാബിര്‍ ഭാര്യയോട് പറഞ്ഞു ' പ്രിയേ! നീ സന്തുഷ്ടയായിക്കൊള്‍ക; നബിയും അനുചരന്മാരം എത്തിക്കഴിഞ്ഞു.'

    'പ്രവാചകനോട് എല്ലാ വിവരങ്ങളും പറഞ്ഞില്ലേ?'    ഭാര്യ ചോദിച്ചു

    ജാബിര്‍ പറഞ്ഞു 'അതെ'

അല്പസമയത്തിനകം നബിയും അനുയായികളും ജാബിറിന്റെ വസതിയിലെത്തി

'എല്ലാവരും ഭക്ഷണം കഴിക്കാനായി കടന്നിരിക്കുക' പ്രവാചകന്‍ അറിയിച്ചു.

എല്ലാവരും ഭക്ഷണത്തിനായി ഇരുന്നു. നബി പുരയില്‍ കയറിയ ഉടനെ പാചകമുറിയിലേക്കാണ് പോയത്. അടുപ്പത്ത് മാംസക്കറിയും ചപ്പാത്തിയും മൂടിവെച്ചിരിക്കുന്നു. പ്രവാചകന്‍ അതെടുത്ത് തിരുകരങ്ങള്‍ കൊണ്ട് വിളമ്പാന്‍ ആരംഭിച്ചു. വിശന്നു വലഞ്ഞ അനുയായികള്‍ക്ക് തിരുമേനി വീണ്ടും വീണ്ടും വിളമ്പികൊടുക്കുകയാണ്.

എന്തൊരത്ഭുതം! അവിടെ വന്ന മുഴുവന്‍ പേര്‍ക്കും വിശപ്പടങ്ങുവോളം അവിടന്നങ്ങനെ വിളമ്പിക്കൊടുത്തു. എന്നിട്ടും പാത്രത്തില്‍ ഭക്ഷണം ശേഷിപ്പുണ്ടായിരുന്നു.

അവശേഷിച്ച ആഹാരം ചൂണ്ടിക്കൊണ്ട് പ്രവാചകന്‍ ജാബിറിന്റെ പത്‌നിയോട് പറഞ്ഞു 'ഇതാ, ഇതുകൊണ്ട് നിനക്കു ഭക്ഷിക്കുകയും മറ്റുള്ളവരെ സത്ക്കരിക്കുകയും ചെയ്യാം'.

Sunday 27 May 2012

നബി കരഞ്ഞു

   
 മുഹമ്മദ് നബി പ്രബോധനമാരംഭിക്കുന്നതിനു മുമ്പ് അറബികള്‍ പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളെയാണ് സ്‌നേഹിച്ചിരുന്നത്.

    ആണ്‍കുട്ടികള്‍ ശക്തരാണ്. അവര്‍ കഠിനമായി പണിയെടുക്കും. മാതാപിതാക്കള്‍ക്കും കുടുംബത്തിനും നേട്ടങ്ങളുണ്ടാക്കും.

    പെണ്‍കുട്ടികളങ്ങനെയാണോ? അവര്‍ അബലകള്‍; പാവങ്ങള്‍! രക്ഷിതാക്കള്‍ക്കു തലവേദന; ഭൂമിക്കുതന്നെ ഭാരം- ഇതൊക്കെയായിരുന്നു അറബികളുടെ വിചാരം.

    എല്ലാ അറബികളും ഇമ്മട്ടിലായിരുന്നുവെന്നല്ല; ചിലരൊക്കെ അങ്ങനെയായിരുന്നു. ആണ്‍കുട്ടികള്‍ ജനിച്ചാല്‍ അവര്‍ക്ക് അതിരറ്റ ആഹ്ലാദം. പെണ്‍കുട്ടികളായാല്‍ അളവറ്റ രോഷം. ദുഷ്ടത മൂത്ത ചില പിതാക്കന്മാര്‍ പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടാനും മടിച്ചിരുന്നില്ല.

    അത്തരത്തില്‍ ഒരു പിതാവുണ്ട് നമ്മുടെ ഈ കഥയിലും. മുമ്പയാള്‍ ഒരു ബിംബാരാധകനായിരുന്നു. മുഹമ്മദ്‌നബി ദൈവസന്ദേശവുമായി വന്നപ്പോള്‍ പലരോടുമൊപ്പം അയാളും വിശ്വസിച്ചു. പക്ഷെ, അറിവില്ലാത്ത കാലത്ത് ചെയ്തുപോയ ഒരപരാധം അയാളെ എന്നെന്നും ദു;ഖിപ്പിച്ചു. അക്കഥ നബിയോടയാള്‍ പശ്ചാത്താപത്തോടെ ഏറ്റു പറഞ്ഞു.

    അയാള്‍ക്ക് ഒരു മകളുണ്ടായിരുന്നു. നല്ല ചന്തമുള്ള കുട്ടി. ഉപ്പയോട് അവള്‍ക്കെന്തിഷ്ടമായിരുന്നെന്നോ. ഉപ്പ വീട്ടിലെത്തിയാല്‍ അവളോടിച്ചെന്ന് അയാളുടെ കഴുത്തില്‍ തൂങ്ങി തെരുതെരാ ഉമ്മവെക്കും.

    പക്ഷെ, അയാള്‍ക്കവളോട് ഒട്ടും സ്‌നേഹമുണ്ടായിരുന്നില്ല. ഈ മകള്‍ തനിക്കു ഭാരമാണ്; അപമാനമാണ്. ഇവളെ എങ്ങനെയെങ്കിലും കൊന്നുകളയണം- ഇതായിരുന്നു പലപ്പോഴും അയാളുടെ ദുഷ്ടചിന്ത.

    ഒരു ദിവസം അയാള്‍ മകളെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി ഉപ്പയോടൊപ്പം അവള്‍ തുള്ളിച്ചാടി പുറത്തിറങ്ങി. പാവം, അതൊരുല്ലാസയാത്രയാണെന്നായിരുന്നു അവളുടെ വിചാരം.

    മകളെയും കൊണ്ടയാള്‍ ആ പൊട്ടക്കിണറ്റിനടുത്തെത്തി. അയാളിലെ പിശാചുണര്‍ന്നു. ദുഷ്ടന്‍ ആ കുഞ്ഞിനെ തൂക്കിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു.

    “ഉപ്പാ… ഉപ്പാ… എന്റെ ഉപ്പാ” സ്‌നേഹനിധിയായ ആ മകള്‍ അപ്പോഴും പിതാവിനെ വിളിച്ചുതന്നെയാണ് കരഞ്ഞുകൊണ്ടിരുന്നത്. കളങ്കമറിയാത്ത ആ കുഞ്ഞിന്റെ ദീനദീനമായ കരച്ചില്‍ അയാളുടെ കരളിലേക്കിറങ്ങിയില്ല. പാവം കുട്ടി, ആ പൊട്ടക്കിണറ്റില്‍ ഭക്ഷണമില്ലാതെ, വെള്ളം കുടിക്കാനില്ലാതെ, സഹായത്തിനാരുമില്ലാതെ, പട്ടിണിയും ഏകാന്തതയുമായി ദിവസങ്ങളോളം കിടന്ന് തേങ്ങിത്തേങ്ങി കരഞ്ഞു ഒടുവില്‍ മരിച്ചു.

    ഈ കഥ കേട്ട് പ്രവാചകന്റെ കരളലിഞ്ഞുപോയി. തിരുനേത്രങ്ങളില്‍നിന്ന് കണ്ണുനീര്‍ ധാരധാരയായി പ്രവഹിച്ചു. തിരുമുഖം ചുവന്നു തുടുത്തു. താടിരോമങ്ങളെല്ലാം കണ്ണീരില്‍ കുതിര്‍ന്നു.

    ഈ രംഗം കണ്ട ശിഷ്യന്‍മാരും കരഞ്ഞുപോയി. പ്രവാചകന്‍ ഇങ്ങനെ കരയുന്നത് മുമ്പാരും കണ്ടിട്ടില്ല. കത്തിത്തുടങ്ങും മുമ്പേ തിരിയണഞ്ഞുപോയ നിര്‍ഭാഗ്യവതികളുടെ കാര്യമോര്‍ത്താല്‍ ഹൃദയാലുവായ ആ പ്രവാചകന്‍ കരയാതിരിക്കുന്നതെങ്ങനെ?

Friday 25 May 2012

യുദ്ധവും കുട്ടികളും


മുസ്‌ലിം കുട്ടികളോടു മാത്രമായിരുന്നോ പ്രവാചകന് സ്‌നേഹം? തീര്‍ച്ചയായും അല്ല. എല്ലാ കുട്ടികളോടും അദ്ദേഹത്തിനിഷ്ടമായിരുന്നു. അത് തെളിയിക്കുന്ന ഒരു സംഭവം പറയാം.

    ഒരു നാള്‍ ചില ശിഷ്യന്മാര്‍ വന്ന്, “നബിയേ, യുദ്ധത്തില്‍ ചില കുട്ടികള്‍ കൊല്ലപ്പെട്ടു” എന്നറിയിച്ചു. നബിയന്ന് വളരെ ദു:ഖിതനായി കാണപ്പെട്ടു.

    പ്രവാചകന്‍ വല്ലതെ വികാരധീനനായിരിക്കുന്നു എന്നുകണ്ട് ഒരാള്‍ പറഞ്ഞു; ദൈവദൂതരേ, എന്തിനീ ദു:ഖം? കൊല്ലപ്പെട്ടതൊന്നും നമ്മുടെ കുട്ടികളല്ല; എല്ലാം ശത്രുക്കളുടെ കുട്ടികള്‍”

    നബിയുടെ ദു:ഖം തെല്ലൊന്നു കുറക്കാനാണ് ശിഷ്യന്‍ ഇതു പറഞ്ഞത്. പക്ഷെ, അതൊട്ടും ഫലിച്ചില്ല. അവിടന്ന് കൂടുതല്‍ സങ്കടപ്പെടുകയാണുണ്ടായത്. പ്രവാചകനെ സംബന്ധിച്ചിടത്തോളം എല്ലാ കുട്ടികളും ഒരുപോലെയാണ്. ആരുടെ കുട്ടികള്‍ എന്നതല്ല പ്രശ്‌നം. കുട്ടികള്‍ക്കു യാതൊരു പങ്കുമില്ലാത്ത, വലിയവര്‍ തമ്മിലുള്ള യുദ്ധത്തില്‍ ഒരു കുട്ടിയും വധിക്കപ്പെട്ടുകൂടാ എന്നാണദ്ദേഹത്തിന്റെ പക്ഷം.

    “നോക്കൂ” പ്രവാചകന്‍ പറഞ്ഞു. “ആ കുട്ടികള്‍ തീര്‍ത്തും നിരപരാധികളായിരുന്നു. ഒരു തെറ്റും  അവര്‍ ചെയ്തിട്ടില്ല. എന്നിട്ടും…”

    നബി തുടര്‍ന്നു:

    “ഒരു യുദ്ധത്തിലും കുട്ടികള്‍ കുറ്റക്കാരല്ല. വലിയവരുടെ തെറ്റിന് ഒരു കുട്ടിയും ശിക്ഷിക്കപ്പെടാനും പാടില്ല.”

    മേലാല്‍ ഒരു യുദ്ധത്തിലും കുട്ടികളെ - അവര്‍ ആരുടെയായാലും- കൊല്ലാന്‍ പാടില്ലെന്ന് പ്രവാചകന്‍ യോദ്ധാക്കളെ കര്‍ശനമായി വിലക്കുകയും ചെയ്തു.


-വി.എസ്.സലിം-

Thursday 24 May 2012

മരത്തില്‍ കല്ലെറിയുന്ന കുട്ടി




    മദീനയില്‍ അന്നൊരു കുട്ടിയുണ്ടായിരുന്നു. നല്ല  കുട്ടിയാണെങ്കിലും അവന്നൊരു ചീത്ത സ്വഭാവമുണ്ട്- കാണുന്ന മരത്തിനൊക്കെ കല്ലെറിയുന്ന സ്വഭാവം. അതു ചെയ്യാഞ്ഞാല്‍ വല്ലാത്ത പൊറുതികേടാണ്.

    ഒരു ദിവസം കുട്ടി നല്ല മുഴുത്ത കല്ലുകളുമായി ഒരു മരുപ്പച്ചയിലെത്തി. തണല്‍ വീണുകിടക്കുന്ന ആ മരുപ്പച്ചയിലെങ്ങും ഈത്തപ്പനകള്‍ കുലച്ചുനിന്നിരുന്നു. ഹായ് കുട്ടിയുടെ കൈ തരിച്ചു.

    അവന്‍ വേഗം പനക്കെറിയാന്‍ തുടങ്ങി. പഴങ്ങള്‍ കൊഴിഞ്ഞു. കുറെ കഴിഞ്ഞു ഏറു നിര്‍ത്തി അടുത്ത പരിപാടി ആരംഭിച്ചു- വീണ പഴങ്ങള്‍ പെറുക്കിത്തിന്നുക. വയറു നിറഞ്ഞപ്പോള്‍ അവനെണീറ്റുപോയി.

    കല്ലെറിഞ്ഞാല്‍ പനക്കു കേടുപറ്റുമെന്നോ, തോട്ടത്തിന്റെ ഉടമസ്ഥരറിഞ്ഞാല്‍ തന്നെ പിടികൂടുമെന്നോ ഒന്നും കുട്ടി ആലോചിച്ചിരുന്നില്ല.

    ഒരു നാള്‍ അതു സംഭവിച്ചു- തോട്ടത്തിന്റെ ഉടമസ്ഥര്‍ പാര്‍ത്തിരുന്ന് കുട്ടിയെ പിടിച്ചു. അവരവനെ മുഹമ്മദ് നബിയുടെ മുമ്പിലാണ് ഹാജരാക്കിയത്.

    വല്ലാത്ത പരിഭ്രമത്തോടെയാണ് കുട്ടി നബിയെ നേരിട്ടത്. അദ്ദേഹം കോപിക്കുമോ; തന്നെ ശകാരിക്കുമോ? അവന്‍ നിന്നുവിറച്ചു. പ്രവാചകനാകട്ടെ, വളരെ ശാന്തനായി, സൗമ്യനായി;
    “എന്തിനാണ് കുഞ്ഞേ നീ മരത്തില്‍ കല്ലെറിയുന്നത്?” എന്ന് വെറുതെ അറിയാന്‍ എന്ന മട്ടില്‍ ചോദിച്ചു.

    “ഈത്തപ്പഴം കിട്ടാനാ” എന്നിട്ടവന്റെ നിഷ്‌കളങ്കമായി ചോദ്യം; “കല്ലെറിയാതെ എങ്ങന്യാ ഈത്തപ്പഴം കിട്ടുക?”

    വിവേകമില്ലാത്തതുകൊണ്ടാണ് കുട്ടി ഈ തെറ്റു ചെയ്യുന്നതെന്ന് പ്രവാചകന്നുറപ്പായി. ആ കുട്ടി ഒരു ക്രൂരനല്ലെന്നും വകതിരിവില്ലാത്തവന്‍ മാത്രമണെന്നും നബിയറിഞ്ഞു. നയത്തില്‍ പറഞ്ഞു തിരുത്താവുന്നതേയുള്ളു.

    “മേലാല്‍ ഒരു മരത്തിനും കല്ലെറിയരുത് കേട്ടോ.” നബി അവനെ സ്‌നേഹപൂര്‍വം തലോടിക്കൊണ്ട് പറഞ്ഞു. “ എറിഞ്ഞാല്‍ മരത്തിനു പരിക്കുപറ്റും, പിന്നെ അതൊരിക്കലും പഴം തരില്ല, മനസ്സിലായോ? തിന്നാനാണെങ്കില്‍ താനേ കൊഴിയുന്നവ തന്നെയുണ്ടല്ലോ”

    നബി ആ കുട്ടിയെ നെറുകയില്‍ കൈവച്ചനുഗ്രഹിച്ചു. അവനുവേണ്ടി പ്രാര്‍ത്ഥിച്ച ശേഷമാണ് പറഞ്ഞയച്ചത്.

-വി.എസ്.സലിം-